കോഴിക്കോട്: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും രക്ഷാദൗത്യത്തിനായി കൂടുതല്‍ സൈനികരെത്തും. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. വയനാട്ടിലെ കൺട്രോൾ റൂമിൻ്റെ ചുമതല സൈന്യം ഏറ്റെടുക്കും.
കർണാടക - കേരള സബ് ഏരിയ കമാഡര്‍ മേജർ ജനറൽ വിടി മാത്യു വയനാട്ടിലേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള സൈനിക സംഘവും രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമാകും. മദ്രാസ്, മറാത്ത റെജിമെൻ്റുകളിൽ നിന്ന് 140 പേരാണ് ദുരന്തഭൂമിയിൽ എത്തുക.
രക്ഷാപ്രവർത്തനത്തിനായി രണ്ട് മെഡിക്കൽ ചെക്ക് പോസ്റ്റ് കൂടി സൈന്യം സ്ഥാപിക്കും. 330 അടി ഉയരമുള്ള താത്കാലിക പാലത്തിൻ്റെ നിർമാണവും തുടങ്ങും. ബെംഗളൂരുവിൽ നിന്ന് പാലത്തിൻ്റെ ഭാഗങ്ങൾ എത്തിക്കും. അതിനായി ബെംഗളൂരുവിൽ നിന്ന് സംഘം പുറപ്പെട്ടു.
ആർമി എഞ്ചിനിയറിങ് ഗ്രൂപ്പിൻ്റെ 70 വിദഗ്‌ധരാണ് പാലം നിർമാണത്തിന് എത്തുന്നത്. പാലം നിർമാണത്തിനുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കി. ചെറുപാലങ്ങൾ നിർമിക്കാനുള്ള ഉപകരണങ്ങൾ ദില്ലിയിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തും. ഇതോടൊപ്പം ദില്ലിയിൽ നിന്ന് മൂന്ന് സ്‌നിഫർ ഡോഗുകളെയും എത്തിക്കും. മൃതദേഹങ്ങൾ കണ്ടെത്താനാണ് സ്‌നിഫർ ഡോഗുകളെ എത്തിക്കുന്നത്.
Also Read:രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാൻ നീക്കം; ദുരന്തഭൂമിയില്‍ താത്കാലിക പാലം നിര്‍മ്മിച്ച് സൈന്യം