തിരുവനന്തപുരം:സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം അനിശ്ചിതത്വത്തിലാക്കിയത് സിപിഎം- ബിജെപി ഒത്തുകളിയെന്ന് കെപിസിസി ആക്‌ടിങ്ങ് പ്രസിഡന്‍റ് എം എം ഹസ്സന്‍. വാര്‍ത്താക്കുറിപ്പിലൂടെയാണ് പ്രതികരണം. കേസില്‍ സിപിഎം ശക്തമായ ഇടപെടലാണ് നടത്തുന്നത്. സിദ്ധാര്‍ത്ഥിന്‍റെ കൊലപാതകത്തില്‍ പങ്കുള്ള എസ്എഫ്ഐ ക്കാരെ രക്ഷിക്കാനാണിതെന്നും ഹസ്സന്‍ ആരോപിച്ചു.
സിബിഐ കേസില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നത് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. നിലവില്‍ സംസ്ഥാന പൊലീസിന്‍റെയോ സിബിഐയുടെയോ അന്വേഷണം നടക്കുന്നില്ല. ഇത് എസ്എഫ്ഐക്ക് തെളിവ് നശിപ്പിക്കാനുള്ള അവസരമാണ് നല്‍കിയത്. മാര്‍ച്ച് ഒന്‍പതിനായിരുന്നു കേസ് സിബിഐക്ക് കൈമാറിയതായി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. എന്നാല്‍ ഇത് കേന്ദ്രത്തിന് അയച്ചത് മാര്‍ച്ച് 16 നാണ്. ഏഴ് ദിവസമാണ് പിണറായി സര്‍ക്കാര്‍ ഫയലില്‍ അടയിരുന്നത്(M M Hassan).
കേസിന്‍റെ അന്വേഷണ പുരോഗതി വിവരിക്കുന്ന പെര്‍ഫോമ റിപ്പോര്‍ട്ടും വിജ്ഞാപനത്തോടൊപ്പം നല്‌കിയില്ല. 17 ദിവസമായി അതിന്മേലും അടയിരിക്കുകയാണ്. സംഭവിച്ചുകൊണ്ടിരിക്കുന്നത് അതീവ ഗുരുതര വീഴ്‌ചകളാണ്. രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി വൈസ് ചാന്‍സലര്‍ ഡോ പി സി ശശീന്ദ്രന്‍ 33 എസ്എഫ്ഐ ക്കാരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് ഇതിനിടയിലാണ്. ഈ നടപടിയും നിയമോപദേശം തേടാതെയായിരുന്നു.
Also Read:സിദ്ധാർഥിന്‍റെ മരണം; കേസന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതിൽ സംസ്ഥാന സര്‍ക്കാരിന് വീഴ്‌ച - Sidharth Murder Case
ഒടുവില്‍ ഗവര്‍ണര്‍ ഇടപെട്ട് വൈസ് ചാന്‍സലറെ നീക്കം ചെയ്യുകയും സസ്‌പെന്‍ഷന്‍ പുനഃസ്ഥാപിക്കുകയും ചെയ്യേണ്ട സാഹചര്യമുണ്ടായി. വിദ്യാര്‍ത്ഥികളിലും മാതാപിതാക്കളിലും സിദ്ധാര്‍ത്ഥിന്‍റെ മരണമുണ്ടാക്കിയ പ്രത്യാഘാതം അതീവഗുരുതരമാണ്. കുട്ടികളെ അയയ്ക്കാന്‍ മാതാപിതാക്കളും കോളജില്‍ പോകാന്‍ വിദ്യാര്‍ത്ഥികളും പേടിച്ച് നില്‍ക്കുന്നു. ഇതിനു പരിഹാരം കാണേണ്ട സര്‍ക്കാര്‍ എസ്എഫ്ഐ ഗുണ്ടകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നെന്നും എം എം ഹസന്‍ ആരോപിച്ചു.