കർണാടക: അമ്മ വായ്‌പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. കർണാടകയിലെ ബെലഗാവി ജില്ലയിലെ സവദത്തി താലൂക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. കേസിൽ രണ്ട് പ്രതികളെ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്‌തു.
ബെലഗാവിയിൽ വാച്ച്മാനായി ജോലി ചെയ്യുന്ന പെൺകുട്ടിയുടെ അമ്മ, മകളുടെ ചികിത്സാ ചെലവുകൾക്കും മരുമകളുടെ ഗർഭകാല പരിചരണത്തിനുമായി പ്രതികളുടെ കുടുംബത്തിൽ നിന്നും 50,000 രൂപ കടം വാങ്ങിയിരുന്നു. വായ്‌പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ 17 വയസുള്ള മകളെ വിവാഹം കഴിപ്പിക്കാൻ പ്രതികൾ സമ്മർദ്ദം ചെലുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ ഇവർ അതിന് തയ്യാറായില്ല. തുടർന്ന് അമ്മയുടെയും പെൺകുട്ടിയുടെയും എതിർപ്പ് വകവയ്ക്കാതെ, 2024 സെപ്റ്റംബർ 18 ന് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ 19 ന്, ഈ കുടുംബത്തിലെ ഒരു യുവാവുമായി അവളെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു.
താന്‍ പീഡനത്തിനിരയായതായും പ്രതി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതായും പെണ്‍കുട്ടി മൊഴി നൽകി. പൊലീസ് കമ്മിഷണർ യാദ മാർട്ടിൻ മാർബന്യാങ് അറസ്റ്റ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയും അമ്മയും വ്യാഴാഴ്‌ച (ജനുവരി 16) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്‌റ്റ് എന്ന് അദ്ദേഹം പറഞ്ഞു.
പ്രതിയായ യുവാവിനെയും അമ്മയെയും വെള്ളിയാഴ്‌ച ജെഎംഎഫ്‌സി കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ് എന്നും പൊലീസ് കമ്മിഷണർ വ്യക്തമാക്കി.
Also Read:പെറ്റമ്മയെ വെട്ടിക്കൊല്ലുന്ന മക്കള്‍; കേരളത്തില്‍ പിടിമുറുക്കുന്ന ലഹരി, ഒളിഞ്ഞിരിക്കുന്നത് ഇനിയും എത്ര ആഷിഖുമാര്‍?