തൃശൂർ :എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മലയാള സാഹിത്യ, സാംസ്‌കാരിക മണ്ഡലത്തില്‍ വെളിച്ചം പകര്‍ന്ന് കത്തി ജ്വലിച്ച് കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഈ നഷ്‌ടം വാക്കുകള്‍ക്കതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംടി എന്ന രണ്ടക്ഷരം മലയാളത്തിന്‍റെ വികാരമാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലത്തിലേറെയായി മലയാളിയുടെ സൗന്ദര്യബോധത്തെയും ഭാവുകത്വത്തെയും ജീവിതാനുഭവങ്ങളെയും നവീകരിച്ച സാഹിത്യകാരനാണ് അദ്ദേഹം. ലോകം ആരാധിക്കുന്ന സാഹിത്യകാരൻ എന്ന നിലയിൽ ജ്ഞാനപീഠം അടക്കമുള്ള ആദരവുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ പത്മഭൂഷണം അടക്കം നൽകി രാജ്യം അദ്ദേഹത്തെ ബഹുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രി സജി ചെറിയാൻ സംസാരിക്കുന്നു (ETV Bharat) കേരളത്തിൽ നമ്മുടെ യൂണിവേഴ്‌സിറ്റികൾ അദ്ദേഹത്തിന് ഡോക്‌ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. കേരളത്തിന്‍റെ സാംസ്‌കാരിക മേഖലയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഉയർത്തിക്കൊണ്ട് വന്ന സാഹിത്യ ബോധവും സാംസ്‌കാരിക പൈതൃകവും കാത്ത് സൂക്ഷിക്കേണ്ട ഉത്തരവാദിത്വം പുതിയ തലമുറയ്‌ക്കുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എംടിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തെ ആദരിക്കുന്ന വലിയ ഒരു ചടങ്ങ് സാംസ്‌കാരിക വകുപ്പിന്‍റെ നേതൃത്വത്തിൽ തുഞ്ചൻപറമ്പിൽ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് അതിന്‍റെ ഉദ്‌ഘാടനം നിർവഹിച്ചത്. നടൻ മമ്മൂട്ടി ആ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്‌തിരുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
കേരളം കണ്ട ഏറ്റവും മഹാനായ ഒരു സാഹിത്യകാരനാണ് എംടി. സാഹിത്യകാരൻ, കലാകാരൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ എല്ലാംകൊണ്ടും സർവകലാവല്ലഭനായിരുന്ന അദ്ദേഹത്തിന്‍റെ വേർപാട് നമ്മളെ സംബന്ധിച്ച് തീരാനഷ്‌ടമാണ്.
എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല, നമ്മുടെ സാംസ്‌കാരിക മേഖലയുടെയാകെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു അദ്ദേഹം. കേരളത്തിൻ്റെ സാംസ്‌കാരിക മേഖലയില്‍ ശക്തിയാര്‍ജ്ജിക്കാനുള്ള ഫാസിസ്‌റ്റ് ശ്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായി നിലയുറപ്പിച്ച പോരാളി കൂടെയായിരുന്നു അദ്ദേഹമെന്ന് മന്ത്രി അനുസ്‌മരിച്ചു.
എംടിയുടെ നഷ്‌ടം നമുക്ക് നികത്താൻ കഴിയാത്ത ഒന്നാണ്. അദ്ദേഹത്തിന്‍റെ ധന്യമായ ജീവിതം അദ്ദേഹം നൽകിയ എല്ലാ ശ്രേഷ്‌ഠമായ സംഭാവനകളെയും ആദരപൂർവം ഓർക്കുകയാണ് ബഹുമാനിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഒരിക്കൽ കൂടി അദ്ദേഹത്തിന് ആദരാഞ്ജികൾ അർപ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read:'എംടിയുടെ വിയോഗം മലയാളികൾക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ വലിയ നഷ്‌ടം': ആര്യാടൻ ഷൗക്കത്ത്