തിരുവനന്തപുരം: ഗവർണർക്കും രാഷ്ട്രപതിയുടെ ഓഫീസിനുമെതിരെ കേരളം കോടതിയിൽ പോയത് തെരഞ്ഞെടുപ്പ് സ്‌റ്റണ്ടാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വിമർശനത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്. വസ്‌തുതയുമായി പുലബന്ധമില്ലാത്തതാണ് വി ഡി സതീശന്‍റെ അഭിപ്രായമെന്നും രാഷ്ട്രപതി അനുമതി നിഷേധിക്കുന്നതിന് മുന്നേ ഇതൊക്കെ ഗണിച്ചെടുത്ത് കോടതിയിൽ പോകണമെന്നാണോ അദ്ദേഹം പറയുന്നതെന്നും പി രാജീവ് ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.
2023 നവംബർ 11 നാണ് കേരള നിയമസഭ പാസാക്കിയ 8 ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവച്ചതിനെതിരെ സംസ്ഥാനം കോടതിയെ സമീപിച്ചത്. നവംബർ 29ന് കേസ് പരിഗണിക്കാനിരിക്കെ നവംബർ 28ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു ബില്ലിൽ ഒപ്പിട്ടു. 7 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചു. 29ന് കേസ് പരിഗണിച്ചപ്പോൾ സംസ്ഥാന ലിസ്റ്റിലുള്ള ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടി ശരിയല്ലെന്ന് കേരളം വാദിക്കുകയും ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നതിൽ സമയപരിധി കൊണ്ടുവരണമെന്നും സർക്കാർ ആവശ്യപ്പെടുകയും ചെയ്‌തു.
ഡിസംബറിൽ തന്നെ കോടതി ആവശ്യപ്പെട്ടത് പ്രകാരം അമെൻ്റ് ചെയ്‌ത റിട്ട് പെറ്റീഷൻ സമർപ്പിച്ചു. ഇതിന് മുൻപ് 2024 ജനുവരി 29ന് ലോകായുക്ത ബിൽ രാഷ്ട്രപതി ഒപ്പിട്ടു. മറ്റു ബില്ലുകൾക്ക് അനുമതി നിഷേധിക്കുകയും ചെയ്‌തു. ഇതിന് ശേഷം സഹകരണ ബില്ലിനും രാഷ്ട്രപതി അനുമതി നിഷേധിച്ചപ്പോഴാണ് 21/03/2024 കേരളം വീണ്ടും പുതിയ റിട്ട് ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്.