കേരളം

kerala

ETV Bharat / state

'ക്യാബിനറ്റ് നോട്ട് ഒരാഴ്‌ചയായി വെബ്‌സൈറ്റില്‍'; വിഡി സതീശനെ പരിഹസിച്ച് എംബി രാജേഷ്‌ - MB RAJESH ON CABINET NOTE

പ്രതിപക്ഷ നേതാവ് പുറത്തുവിട്ട ക്യാബിനറ്റ് നോട്ടിനെ കുറിച്ച് മന്ത്രി എംബി രാജേഷ്. എഥനോള്‍ നിര്‍മാണ പ്ലാന്‍റിന് പത്ത് ഘട്ട പരിശോധനയ്ക്ക് ശേഷമാണ് അനുമതി നല്‍കിയതെന്നും മന്ത്രി. പാലക്കാട്ടെ കുടിവെള്ള വിതരണ കണക്കുകള്‍ നിരത്തി മന്ത്രി.

MB RAJESH ON THE CABINET NOTE  MB RAJESH AGAINST VD SATHEESAN  VD SATHEESAN RELEASED CABINET NOTE  വിഡി സതീശനെ പരിഹസിച്ചു എംബി രാജേഷ്‌
Minister MB Rajesh (ETV Bharat)

By ETV Bharat Kerala Team

Published : Jan 29, 2025, 6:03 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് പുറത്തുവിട്ട ക്യാബിനറ്റ് നോട്ട് ഒരാഴ്‌ചയായി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് മന്ത്രി എംബി രാജേഷ്. document.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഒരാഴ്‌ചയായി ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട് എലപ്പുള്ളിയിലെ എഥനോള്‍ നിര്‍മാണ പ്ലാന്‍റിന് പത്ത് ഘട്ട പരിശോധനയ്ക്ക് ശേഷമാണ് പ്രാരംഭ അനുമതി നല്‍കിയതെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.

മന്ത്രി എംബി രാജേഷ്‌ മാധ്യമങ്ങളോട്. (ETV Bharat)

കുടിവെള്ള പ്രശ്‌നത്തെ ചൊല്ലി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ അടക്കം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പാലക്കാട്ടെ കുടിവെള്ള വിതരണത്തിന്‍റെ കണക്കുകള്‍ വിശദീകരിച്ചായിരുന്നു മന്ത്രിയുടെ മറുപടി. കമ്പനിയുടെ പ്രൊജക്‌ട്‌ റിപ്പോര്‍ട്ട് പ്രകാരം പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ എഥനോള്‍ നിര്‍മാണത്തിന് ആവശ്യം വരുന്നത് 0.5 ദശലക്ഷം ലിറ്ററാണെന്ന് മന്ത്രി വ്യക്തമാക്കി.

മലമ്പുഴ ഡാമിന്‍റെ സംഭരണ ശേഷി 2,23,000 ദശലക്ഷം ലിറ്ററാണ്. ഒരു വര്‍ഷം കുടിവെള്ളത്തിനായി മലമ്പുഴ ഡാമില്‍ നിന്നും ആവശ്യമായി വരുന്നത് ഒറ്റ തവണ സംഭരിക്കുന്ന വെള്ളത്തിന്‍റെ 13.16 ശതമാനമായ 29747.5 ദശലക്ഷം ലിറ്റര്‍ വെളളമാകും. പാലക്കാട് നഗരസഭയ്ക്കും പിരായിരി പഞ്ചായത്തിന് ഭാഗികമായും വെള്ളം നല്‍കുന്നതിന് ഒരു ദിവസം ആവശ്യം 45 ദശലക്ഷം ലിറ്ററാണ്.

പുതുപരിയാരം, അകത്തേത്തറ, മരുതുറോഡ് പഞ്ചായത്തുകള്‍ക്ക് പൂര്‍ണമായും മുണ്ടൂരിന് ഭാഗികമായും മലമ്പുഴ ഡാമില്‍ നിന്നും വെള്ളം നല്‍കുന്നു. ദിനംപ്രതി 25.5 ദശലക്ഷം ലിറ്ററാണ് ഇതിനെല്ലാം കൂടി ആവശ്യം. പുതുശേരിക്ക് വേണ്ടി 5 ദശലക്ഷം ലിറ്റര്‍ കൂടി ആവശ്യമാണ്. ഇതെല്ലാം കൂടി ചേര്‍ത്താല്‍ പ്രതിദിനം വേണ്ടത് 81.5 ദശലക്ഷം ലിറ്റര്‍ മാത്രമാണ്.

പാലക്കാട് നഗരത്തിന് മാത്രം വേണ്ട വെള്ളത്തിന്‍റെ 1.1 ശതമാനം വെള്ളം മാത്രമാണ് ഫാക്‌ടറിക്ക് പൂര്‍ണതോതില്‍ ആവശ്യം വരുമ്പോള്‍ വേണ്ടി വരികയെന്നും മന്ത്രി പറഞ്ഞു. ജല അതോറിറ്റി കമ്പനിക്ക് ആവശ്യമുള്ള വെള്ളം അധികം പ്രത്യേകമായി നല്‍കുമെന്നും പറഞ്ഞിട്ടില്ല.

മലമ്പുഴയില്‍ നിന്നും കിന്‍ഫ്രയിലേക്കും പാലക്കാട് ഐഐടിയിലേക്കും പ്രതിദിനം പത്ത് ദശലക്ഷം വെള്ളമെത്തിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അംഗീകാരം നല്‍കിയ ലൈനില്‍ നിന്ന് ഈ കമ്പനിക്ക് കൂടി വെള്ളം നല്‍കുമെന്നും എംബി രാജേഷ് വ്യക്തമാക്കി.

മഴനിഴല്‍ പ്രദേശമായ പാലക്കാട് മഴവെള്ള സംഭരണി സാധ്യമല്ലെന്ന രമേശ് ചെന്നിത്തലയുടെ വാദത്തിന് വടകരപുളി, എലപ്പുള്ളി പഞ്ചായത്തിലുള്ള സ്വകാര്യ ക്യാമ്പസിലെ 12 മഴവെള്ള സംഭരണികളുടെ സാന്നിധ്യമാണ് മന്ത്രി മറുപടിയായി ചൂണ്ടിക്കാട്ടിയത്. ഒരോന്നിന്‍റെയും ശേഷി 2 കോടി ലിറ്ററാണ്.

5 ഏക്കര്‍ മുതല്‍ 6 ഏക്കര്‍ വരെയാണ് ഓരോന്നിന്‍റെയും വ്യാസം. രൂക്ഷമായ വെള്ളക്ഷാമമുള്ള സ്ഥലത്താണ് 24 കോടി ലിറ്റര്‍ സംഭരിക്കുന്നത്. ഇവിടെ ബോട്ടിങ്ങുമുണ്ട്. ഫെബ്രുവരി 17ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഈ മഴ വെള്ള സംഭരണികള്‍ കാണാന്‍ മുന്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുകയാണെന്നും എംബി രാജേഷ് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Also Read:11 പേരുടെ എതിർപ്പോടെ വഖഫ് ബില്ലിന് ജെപിസി അംഗീകാരം; റിപ്പോർട്ട് സ്‌പീക്കർക്ക് കൈമാറും

ABOUT THE AUTHOR

...view details