കോഴിക്കോട്: പാളയത്ത് ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളിക്ക് കുത്തേറ്റു. കുപ്പിച്ചില്ല് തറച്ചുകയറി ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റു. പശ്ചിമബംഗാൾ മാൾ ഹരിചന്ദ്രപൂര്‍ കാര്യാലി സ്വദേശി ഖലീൽ റഹ്മാൻ (16) ആണ് ഗുരുതരമായി പരിക്കേറ്റത്.
സഹപ്രവർത്തകനായ ജാർഖണ്ഡ് ഗിരി ഡിഹ് മകാഡിഹ് സ്വദേശിയായ ഗുലാം അഹമ്മദ് രാജ് (22) ആണ് ആക്രമിച്ചത്. കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ വച്ചാണ് ഇരുവരും ഏറ്റുമുട്ടിയത്. മുഷിഞ്ഞ വസ്ത്രം മുറിയിൽ വെക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
കുത്തേറ്റ് രക്തം ചീറ്റിയതോടെ ഹോട്ടലിലെ മറ്റു ജീവനക്കാർ ചേർന്ന് ഖലീൽ റഹ്മാനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മടങ്ങി. ഗുരുതരമായി പരിക്കേറ്റ ഖലീൽ റഹ്മാനെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോഴിക്കോട് കസബ പൊലീസ് കേസെടുത്തു. കോട്ടപ്പറമ്പിലെ ഹോട്ടലിലെ മുഴുവൻ ജീവനക്കാരുടെയും ഫോട്ടോകൾ എടുത്ത് പൊലീസ് ആശുപത്രിയിലെത്തി പരിക്കേറ്റ ഖലീൽ റഹ്മാനെ കാണിച്ചു. തുടർന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഹോട്ടലിലെത്തി ഗുലാം അഹമ്മദ് രാജയെ കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also Read:പെരുമ്പാവൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു: പ്രതിയ്‌ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്