കമല ടീച്ചറുടെ ചിത്രങ്ങള്‍. (ETV Bharat) കോഴിക്കോട്: ജീവസുറ്റതാണ് അലൂമിനിയം ഷീറ്റുകളിൽ വിരിയുന്ന ചിത്രങ്ങൾ. മനസിൽ തോന്നുന്നതെന്തും ചിത്രങ്ങളായി പകർത്താൻ മാവൂർ മേച്ചേരി കുന്നിലെ കമല ടീച്ചർക്ക് ഈ 73ാം വയസിലും പ്രത്യേക മിടുക്കുണ്ട്. മെറ്റൽ എംപോസിങ് ആൻഡ് കാർവിങ് രീതിയിലാണ് ചിത്രങ്ങൾ തയ്യാറാക്കുന്നത്. ദൈവിക ചിത്രങ്ങളും പ്രകൃതിയുമാണ് വരച്ചവയിലേറെയും.
പ്രമുഖരുടെ ചിത്രങ്ങളും അലൂമിനിയം ഷീറ്റുകളിൽ വർണത്തിൽ ചാലിച്ച് പകർത്തി വച്ചിട്ടുണ്ട്. ചെറുപ്പം മുതലേ ചിത്രങ്ങൾ വരയ്ക്കാറുണ്ടെങ്കിലും ഏഴുവർഷം മുമ്പുണ്ടായ ഒരു അപകടത്തിന് ശേഷമാണ് മെറ്റൽ എംപോസിങ് ആൻഡ് കാർവിങ് രീതിയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. നൂറിലേറെ ചിത്രങ്ങളുണ്ട് വീടിനകത്തെ ഓരോ മുറികളിലും. മൂന്നും നാലും ദിവസമെടുത്താണ് മിക്ക ചിത്രങ്ങളും പൂർത്തിയാക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ശാരീരിക അവശതകൾ ഏറെയുണ്ടെങ്കിലും ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. വരച്ച ചിത്രങ്ങൾക്ക് വീട്ടിൽ തന്നെ ആവശ്യക്കാർ എത്തുന്നുണ്ടെങ്കിലും എവിടെയെങ്കിലും സാഹചര്യമൊത്ത് വന്നാൽ ഒരു പ്രദർശനം നടത്തണം എന്നതാണ് കമല ടീച്ചറുടെ ആഗ്രഹം.
മെറ്റൽ എംപോസിങ് ആൻഡ് കാർവിങ് രീതിക്ക് പുറമേ ഓയിൽ പെയിൻ്റിങ്, ഡെക്കോ ഫാഷൻ, പോട്ട് ഡെക്കറേഷൻ, വാൾ പെയിൻ്റിങ്, എന്നീ രീതിയിലെല്ലാം ഇവർ ചിത്രങ്ങൾ വരയ്ക്കുന്നുണ്ട്. ഫോട്ടോഗ്രാഫറായ മകൻ ഷിജുവിൻ്റെ പൂർണ പിന്തുണയാണ് ഈ വയസിലും ചിത്രങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കമല ടീച്ചറെ പ്രാപ്‌തയാക്കുന്നത്. കഴിയുന്ന കാലത്തോളം മനസിൽ തെളിയുന്ന ഓരോ ചിത്രങ്ങളും ഇങ്ങനെ പകർത്തി വച്ച് ചിത്രകലയുടെ വേറിട്ട ലോകം സൃഷ്‌ടിക്കാൻ കമല ടീച്ചറുണ്ടാകും.
Also Read:'ദാ ഇങ്ങോട്ട് പോരൂ എല്ലാം ഇവിടുണ്ട്'; മുഴുവന്‍ ജില്ലകളിലെയും ബംബര്‍ ടിക്കറ്റുകള്‍ 'ഭാഗ്യധാര'യിൽ ലഭ്യം