കാസർകോട് :കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ഗുരുതര ചികിത്സ പിഴവ്. ഹെർണിയ ഓപ്പറേഷന് വേണ്ടി എത്തിച്ച കുട്ടിയുടെ ഞരമ്പ് മാറി മുറിച്ചു. പുല്ലൂർ പെരളം സ്വദേശികളായ അശോകന്‍റെയും കാർത്യായനിയുടെയും മകൻ ആദിനാഥിന്‍റെ ഹൃദയത്തിലേക്കുള്ള രക്തധമനിയാണ് മുറിച്ചത്.
ആരോഗ്യനില വഷളായതോടെ 10 വയസുകാരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ഡോക്‌ടർ കുട്ടിയെ തിരിച്ചയച്ചു. നിലവില്‍ സ്‌കൂളിൽ പോലും പോകാൻ സാധിക്കാതെ കുട്ടി കിടപ്പിലാണ്. പരസഹായം ഇല്ലാതെ കുട്ടിക്ക് നടക്കാൻ സാധിക്കില്ല.
കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ സർജൻ വിനോദ് കുമാർ ആണ് കുട്ടിയെ ചികിത്സിച്ചത്. ഡിഎംഒയ്ക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും രക്ഷിതാക്കൾ പറയുന്നു. സംഭവത്തിന് ശേഷം ഹോസ്‌ദുർഗ് പൊലീസ് പരാതി സ്വീകരിച്ചില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. തങ്ങളോട് ഡോക്‌ടർ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും രക്ഷിതാക്കൾ ആരോപിച്ചു. അതേ സമയം പരാതി ലഭിച്ചിട്ടുണ്ടെന്നും നാളെ ഇതുസംബന്ധിച്ച് ബോർഡ് മീറ്റിങ് വിളിച്ചിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.
കുട്ടിയുടെ രക്ഷിതാവ് അശോകൻ പറയുന്നത് ഇങ്ങനെ :സെപ്റ്റംബർ 18നാണ് കുട്ടിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 19നു സർജറി ചെയ്‌തു. അഞ്ചു മിനിറ്റിനു ശേഷം ഡോ. വിനോദ് കുമാർ തന്നെ വിളിച്ചു. അബദ്ധം പറ്റിയെന്നു പറഞ്ഞു.