കാസർകോട്: അസം സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് കാഞ്ഞങ്ങാട് വെച്ച് അറസ്റ്റ് ചെയ്‌ത ബംഗ്ലാദേശ് സ്വദേശി എം ബി ഷാബ് ഷെയ്ഖ് 'അൻസാറുള്ള ബംഗ്ലാ ടീം' (എ ബി ടി ) എന്ന സംഘടനയുടെ സജീവ പ്രവർത്തകനെന്ന് സൂചന. പ്രതി അൽഖ്വയ്‌ദയുടെ സ്ലീപ്പർ സെൽ അംഗമാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
'സിലിഗുരി കോറിഡോർ' കേന്ദ്രീകരിച്ച് പ്രത്യേക രാജ്യം ഉണ്ടാക്കലാണ് സംഘടനയുടെ ഉദ്ദേശം എന്നാണ് റിപ്പോര്‍ട്ട്. ഷാബ് ഷെയ്ഖ് 2018 മുതൽ കാസർകോട് ജില്ലയിൽ ഉണ്ടെന്നാണ് കണ്ടെത്തൽ. ഉദുമ കേന്ദ്രീകരിച്ച് ഇയാൾ പ്രവർത്തിച്ചിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഷാബ് ഷെയ്ഖ് ഇന്ത്യയിലെത്തിയത് അൻസാറുള്ള ബംഗ്ലാ ടീം കമാൻഡർ ഫർഹാൻ ഇസ്രാക്കിന്‍റെ നിർദേശ പ്രകാരമാണെന്നും വിവരമുണ്ട്. ഷാബ് ഷെയ്ഖിന് ഉദുമ ബാങ്ക് ഓഫ് ബറോഡയിൽ 2018 മുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും കണ്ടെത്തി.
പ്രതിയ്ക്ക് സഹായം ചെയ്‌തവരും അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലുണ്ട്. ഷാബ് ഷെയ്ഖിന് ജോലി നൽകിയ കരാറുകാരനും അന്വേഷണ പരിധിയിൽ ഉണ്ടെന്ന് അന്വേഷണം സംഘം പറയുന്നു.
കഴിഞ്ഞ ദിവസമാണ് അസമിലെ ഭീകരവാദ കേസിൽ പ്രതിയായ ഷാബ് ഷെയ്ഖ് അറസ്‌റ്റിലാകുന്നത്. പടന്നക്കാട് ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാള്‍ അസം പൊലീസിന്‍റെ പിടിയിലാകുന്നത്. യുഎപിഎ വകുപ്പുകൾ ചുമത്തിയാണ് അസം സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്‌റ്റ് ചെയ്‌തത്. കേന്ദ്ര ഇൻ്റലിജൻസിൻ്റെ നിർദേശ പ്രകാരമാണ് ടാസ്‌ക് ഫോഴ്‌സ് കേരളത്തിൽ എത്തിയതെന്നാണ് സൂചന. കേരള ഇൻ്റലിജൻസ് ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്‌തു.
വ്യാജ പാസ്‌പോർട്ടിലാണ് ഷാബ് ഇന്ത്യയിലേക്ക് എത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഡിസംബർ 10ന് ആണ് ഇയാൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്.
പ്രതി സമൂഹ മാധ്യമം ഉപയോഗിക്കാൻ തുടങ്ങിയതാണ് വാസസ്ഥലം കണ്ടെത്താൻ സഹായിച്ചത്. ഹൊസ്‌ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ (1) ഹാജരാക്കിയ ശേഷം മംഗളൂരു വിമാനത്താവളം വഴിയാണ് പ്രതിയെ അസമിലേക്ക് കൊണ്ടു പോയത്.
Also Read:ഷാബ് ഷെയ്ഖ് കേരളത്തിലെത്തിയത് തേപ്പ് പണിക്കാരനായി; അന്വേഷണ സംഘത്തിന് പിടിവള്ളിയായത് സോഷ്യൽ മീഡിയ