തിരുവനന്തപുരം :മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും നടുറോഡിൽ കാർ കുറുകെയിട്ട് കെഎസ്ആർടിസി തടഞ്ഞ് ഡ്രൈവറുമായി വാക്കുതർക്കമുണ്ടായ സംഭവത്തിൽ ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും. നിലവിൽ തൃശൂരിലേക്ക് ട്രിപ്പ് പോയിരിക്കുകയാണ് ബസ്. ഈ ബസ് തിരിച്ചെത്തിയാലുടൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് തീരുമാനം.
ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്തയച്ചിട്ടുണ്ട്. ബസിന്‍റെ വേഗത, അലക്ഷ്യമായ ഓവർടേക്കിങ് നടന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. സംഭവം നടക്കുമ്പോൾ ബസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ പട്ടിക കെഎസ്ആർടിസി അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്. മേയർക്കും എംഎൽഎക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുമുണ്ട്.