തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഡ്രൈവർ യദുവിനെതിരെ നൽകിയ പരാതിയിൽ മേയറുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് മൊഴി എടുത്തത്. യദു മേയർക്കെതിരെ ആശ്ലീല ആംഗ്യങ്ങൾ കാണിച്ചെന്ന പരാതിയിലാണ് നടപടി.
ആദ്യം കന്‍റോണ്‍മെന്‍റ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് മ്യൂസിയം പൊലീസിന് കൈമാറിയിരുന്നു. കേസിൽ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്‍റെ ശ്രമം. യദു ഓടിച്ച ബസ് മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല.
മേയർക്കും എംഎൽഎക്കുമെതിരെ യദു നൽകിയ പരാതിയിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. പ്രധാന തെളിവായ മെമ്മറി കാർഡ് കണ്ടെത്താനും പൊലീസിന് കഴിഞ്ഞില്ല. മേയറുടെ പരാതിയിൽ കുറ്റപത്രം നൽകാനായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ബസ് പരിശോധിച്ചത്. ജിപിഎസ് പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി.
അതേസമയം ഇരുവരുടെയും വാദങ്ങള്‍ക്ക് തെളിവായ കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് ഇതുവരെ കണ്ടെടുക്കാൻ പൊലീസിനായിട്ടില്ല. തമ്പാനൂര്‍ പൊലീസാണ് മെമ്മറി കാര്‍ഡ് നഷ്‌ടമായതില്‍ അന്വേഷണം നടത്തുന്നത്.
ഏപ്രില്‍ 27 ന് രാത്രിയായിരുന്നു വിവാദസംഭവം നടന്നത്. പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍വച്ചാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. സംഭവസമയം മേയര്‍ക്കൊപ്പം ഭര്‍ത്താവും ബാലുശ്ശേരി എംഎല്‍എയുമായ സച്ചിന്‍ ദേവുമുണ്ടായിരുന്നു.
മേയറും സംഘവും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവർ യദുവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടർന്ന് സംഭവ ദിവസം തന്നെ മേയറുടെ പരാതിയില്‍ ഡ്രൈവര്‍ യദുവിനെ പൊലീസ് പിടികൂടി, ജാമ്യത്തില്‍ വിട്ടയച്ചു. പിന്നാലെ ഡ്രൈവര്‍ പരാതി നല്‍കിയിരുന്നെങ്കിലും ആദ്യം പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല. തുടർന്ന് യദു കോടതിയെ സമീപിക്കുകയും കോടതിയുടെ നിര്‍ദേശ പ്രകാരം മേയര്‍ക്കെതിരെയും സച്ചിന്‍ ദേവിനെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്‌തു.
Also Read:മേയർ-കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കണ്ടക്‌ടറെയും സ്‌റ്റേഷന്‍ മാസ്‌റ്ററെയും വിട്ടയക്കുമെന്ന് പൊലീസ്