തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിലെ പ്രധാന തെളിവായ ബസിലെ മെമ്മറി കാർഡ് കാണാതായ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കണ്ടക്ടര്‍ സുബിനെ വിട്ടയക്കുമെന്ന് പൊലീസ്. ഇരുവരും തമ്മിൽ തർക്കം ഉണ്ടായതിന് ശേഷം സുബിൻ ബസിലെ സിസിടിവി കാമറ പരിശോധിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സുബിനെ തമ്പാനൂർ പൊലീസിന്റെ നേതൃത്വത്തിൽ കമ്മിഷണർ ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്തത്. എന്നാൽ സിസിടിവിയുടെ മോണിട്ടര്‍ നോക്കുക മാത്രമാണ് ചെയ്തതെന്ന് സുബിൻ മൊഴി നൽകിയതായാണ് വിവരം.
സുബിനെ കൂടാതെ ചോദ്യം ചെയ്ത കെഎസ്ആര്‍ടിസി സ്റ്റേഷന് മാസ്റ്ററെയും വിട്ടയക്കും. ഇതിനിടെ സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെ പൊലീസ് അനധികൃതമായി കസ്റ്റഡിയിലെത്തുവെന്ന് ഭാര്യ ബിന്ദു ആരോപിച്ചു. രാവിലെ മുന്നറിയിപ്പില്ലാതെ വീട്ടിൽ നിന്ന് പത്തോളം പൊലീസുകാർ വന്ന് പിടിച്ചുകൊണ്ടുപോയി. വിഴിഞ്ഞം സ്റ്റേഷനിൽ നിന്നുള്ള പൊലീസാണെന്നാണ് പറഞ്ഞത്. ഡ്രസ് പോലും മാറാൻ അനുവദിച്ചില്ല.