തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടി നല്‍കിയതായി ആദായ നികുതി ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് കണ്ടെത്തിയ കരിമണല്‍ കമ്പനിക്ക് വേണ്ടി ഭൂപരിഷ്‌കരണ നിയമം മറികടന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് 51 ഏക്കര്‍ അനുവദിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്ന കരിമണല്‍ കമ്പനിയുടെ 51 ഏക്കറിന് ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകളില്‍ ഇളവ് വരുത്തി കരിമണല്‍ അധിഷ്‌ഠിത വ്യവസായ സംരംഭത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് കമ്പനി 2012ല്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. എന്നാല്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ട ജില്ല കലക്‌ടര്‍ അധ്യക്ഷനായ സമിതി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി പലവട്ടം തള്ളിയെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.
ഇക്കാര്യങ്ങളെല്ലാം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയും തള്ളി. പിന്നാലെ അവര്‍ മുന്‍ അപേക്ഷ മാറ്റി വിനോദ സഞ്ചാര അനുബന്ധ പദ്ധതിക്കും സോളാര്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിനും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിനുമായി ഭൂപരിഷ്‌കരണത്തില്‍ ഇളവ് ആവശ്യപ്പെട്ട് 2021 ജൂലൈ മാസത്തില്‍ അപേക്ഷ നല്‍കി. ഈ അപേക്ഷയ്ക്ക് പിന്നാലെ മുഖ്യമന്ത്രി നേരിട്ട് ഫയല്‍ വിളിച്ചു വരുത്തി.
റവന്യൂ വകുപ്പ് തീരുമാനമെടുക്കേണ്ട ഒരു കാര്യത്തിനാണ് മുഖ്യമന്ത്രി ഫയല്‍ വിളിച്ചു വരുത്തുന്നത്. 2021 നവംബര്‍ 1ലെ മന്ത്രിസഭ യോഗത്തില്‍ പ്രത്യേക കുറിപ്പായി ഈ വിഷയം വീണ്ടും കലക്‌ടര്‍ അധ്യക്ഷനായ ജില്ലാ തല സമിതിക്ക് സമര്‍പ്പിക്കാവുന്നതാണെന്ന് രേഖപ്പെടുത്തി. കമ്പനിക്ക് വേണ്ടി ഭൂപരിഷ്‌കരിഷ്‌കരണ നിയമത്തില്‍ ഇളവ് വരുത്തുന്നതിന് വേണ്ടിയായിരുന്നു മനപൂര്‍വ്വം മുഖ്യമന്ത്രി ഇങ്ങനെയൊരു കുറിപ്പ് രേഖപ്പെടുത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ ജില്ല കലക്‌ടര്‍ അധ്യക്ഷനായ സമിതി 2022 ജൂണ്‍ 15ന് അപേക്ഷ വീണ്ടും പരിഗണിച്ചു.