തിരുവനന്തപുരം : കെആർഇഎംഎൽ കമ്പനിക്ക് 51 ഏക്കർ ഭൂമി പതിച്ച് നൽകിയ സംഭവത്തിൽ ഭൂമി നൽകണമെന്ന ജില്ല സമിതിയുടെ ശുപാർശ റവന്യു വകുപ്പ് തള്ളിയത് ഹൈക്കോടതി റദ്ദാക്കിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. 2023 ഓഗസ്‌റ്റിലാണ് ഈ ഉത്തരവ് വന്നത്. ജില്ല സമിതിയുടെ ശുപാർശ അസ്ഥിരപ്പെടുത്താതെ സർക്കാരിന് അനുകൂലമായ കോടതി വിധിയുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി റവന്യു മന്ത്രി കെ രാജന് കത്ത് നൽകിയതിന് ശേഷമാണ് വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്തിയതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
സർക്കാർ ഒത്താശയോട് കൂടി കമ്പനിക്ക് സൗജന്യങ്ങൾ ചെയ്‌ത് കൊടുക്കുന്നുണ്ട്. റവന്യു വകുപ്പ് അനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെന്നും നിവേദനം പരിഗണിച്ചുള്ള അന്വേഷണത്തിൽ വീണ്ടും അത് തള്ളിയെന്നും മാത്യു കുഴല്‍നാടൻ പറഞ്ഞു. പിന്നാലെ രണ്ടാമതും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ജില്ല കൗൺസിലിൽ പുതുക്കിയ പദ്ധതി വിവരങ്ങൾ നൽകുകയും കമ്പനിക്ക് ഇളവുകൾ നൽകാൻ കെഎസ്ഐഡിസി (കേരള ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്‍റ് കോർപറേഷൻ) ജില്ല കൗൺസിലിനോട് ശുപാർശ ചെയ്തെന്നും കെആർഇഎംഎൽ കമ്പനി കോടതിയിൽ നൽകിയ പെറ്റീഷനിൽ വ്യക്തമാക്കുന്നതായി മാത്യു കുഴൽനാടൻ ആരോപിച്ചു.
കോടതിയെ ചാരി രക്ഷപ്പെടാനാണ് സർക്കാർ ശ്രമം. ഭൂമി പതിച്ച് നൽകണമെന്ന ജില്ല സമിതിയുടെ ശുപാർശ തന്നെ സർക്കാർ റദ്ദാക്കണമെന്നും ജില്ല സമിതി ശുപാർശ റദ്ദാക്കിയില്ലെങ്കിൽ കോടതിയെ ചാരി സർക്കാരിന് രക്ഷപ്പെടാമെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'മുഖ്യമന്ത്രിക്കെതിരെ കൂടുതൽ തെളിവുകൾ'; സിഎംആർഎല്ലിന്‍റെ നിവേദനം പുറത്തുവിട്ട് മാത്യു കുഴൽനാടൻ :മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതൽ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആർഎൽ കമ്പനിയെ മുഖ്യമന്ത്രി സഹായിച്ചതിന് തെളിവുകളുണ്ടെന്ന് മാത്യു കുഴൽനാടൻ ഫെബ്രുവരി 17 ന് കൊച്ചിയിലെ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.