തിരുവനന്തപുരം: മുഖ്യമന്ത്രിയും മകളും ഉള്‍പ്പെട്ട മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് കോടതി. ഹർജി രാഷ്ട്രീയ പ്രേരിതമാണ്, അല്ലാതെ തെളിവുകൾ ഒന്നും ഹർജിയിൽ ഇല്ലാ എന്നും ഉത്തരവിൽ പറയുന്നു. പ്രത്യേക വിജിലന്‍സ് കോടതി ജഡ്‌ജി എംവി രാജകുമാരയാണ് കേസ് പരിഗണിച്ചത്.
കെഎംഎംഎൽ ഉം ഐആർഇഎൽ സർക്കാർ മേഖലയിലെ സംരംഭങ്ങളാണ്. ആദ്യത്തേത് സംസ്ഥാന സർക്കാരിൻ്റെയും രണ്ടാമത്തേത് കേന്ദ്ര സർക്കാരിൻ്റെയും ഉടമസ്ഥതയിലുള്ളതാണ്. ഖനനം ചെയ്‌ത മണലിൽ നിന്ന് ധാതുക്കൾ വേർതിരിച്ചെടുക്കാൻ സർക്കാർ ഇവർക്ക് അനുമതി നൽകിയിട്ടുണ്ട്.
വേർതിരിക്കപ്പെട്ട ധാതുക്കൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിൽക്കുക എന്നത്
ഈ പൊതുമേഖലാ കമ്പനികളുടെ പ്രധാന ബിസിനസ് ആയിരിക്കെ, ഈ പൊതുമേഖലാ കമ്പനികളോട് ധാതുക്കൾ കൈവശം വയ്ക്കാൻ ആർക്കും ആവശ്യപ്പെടാനാവില്ല. സിഎംഎംആർഎലിനോ, മറ്റ് കമ്പനികൾക്കോ വിൽക്കുന്നതിന് എങ്ങനെ അഴിമതി ആയി കാണാൻ കഴിയും എന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.
മാത്രമല്ല ഖനന അനുമതി നൽകിയ സർക്കാർ ഉത്തരവ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ശരി വെച്ചിട്ടുള്ളതും ആണ്. എന്നിട്ടും, ഈ സർക്കാർ ഉത്തരവ് അഴിമതിയുടെ ഭാഗം ആണ് എന്ന് പറയുന്നതിന് യാതൊരു അടിസ്ഥാനം ഇല്ലെന്ന് വിജിലൻസ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. കുഴൽനാടൻ ഉന്നയിച്ച മറ്റൊരാരോപണം ഭൂപരിഷ്‌കരണ നിയമത്തിന്‍റെ ഇളവുകൾക്ക് മുഖ്യമന്ത്രി കൂട്ടുനിന്നു എന്നതാണ്.
ലാൻഡ് സീലിംഗ് ഒഴിവാക്കൽ ഭൂപരിഷ്‌കരണ നിയമത്തിൻ്റെ സെക്ഷൻ 81 (3) (ബി) പ്രകാരം ഏതെങ്കിലും വാണിജ്യമോ വ്യാവസായികമോ ആയ ആവശ്യങ്ങൾക്ക് പോലും ഇളവ് നൽകാൻ വ്യവസ്ഥ ഉണ്ട് എന്നിരിക്കെ, പരാതിക്കാരൻ പറയുന്നത് പോലെ ഇളവ് അനുവദിക്കുന്ന നാടകത്തിന് വേദിയൊരുക്കാനാണ് മുഖ്യമന്ത്രിയുടെ പ്രവൃത്തികൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വാദം സ്വീകാര്യമല്ലെന്ന് കോടതി.
കാരണം, കേരള റെയര്‍ എര്‍ത്‌സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡിന് അനുകൂലിക്കാനാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെങ്കിൽ, അദ്ദേഹത്തിന് രണ്ട് അവസരങ്ങളുണ്ടായിരുന്നു, ഒന്ന് ജില്ലാ കലക്‌ടറുടെ അനുകൂല റിപ്പോർട്ട് ലഭിച്ച ഘട്ടത്തിൽ, മറ്റൊന്ന്, അപേക്ഷ പുനഃപരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചപ്പോൾ. എന്നാൽ, തനിക്ക് കിട്ടിയ അപേക്ഷ വ്യവസ്ഥാപിതമായ മാർഗത്തിലൂടെ പരിശോധിക്കാൻ മാത്രമാണ് മുഖ്യമന്ത്രി നടപടി എടുത്തത്.
പരാതിക്കാരന് ഈ സംഗതിയിൽ എല്ലാം പ്രവചിക്കുകയും, അതിൻ്റെ അടിസ്ഥാനത്തിൽ അഴിമതിയുണ്ടെന്ന് അനുമാനിക്കുകയും ആണ് ചെയ്‌തിരിക്കുന്നത് എന്ന് വിജിലൻസ് കോടതി ഉത്തരവിൽ പറയുന്നു. ഇളവിനുള്ള അപേക്ഷ നിരസിച്ച 28.04.2023, 25.10.2023 തീയതികളിലെ ഉത്തരവുകൾ പാസാക്കിയിരിക്കുന്നത്, പവീണയുടെ കമ്പനിക്ക് CMRL 1.72 കോടി അടച്ചത്തിന് ശേഷം ആണ് എന്നത് ശ്രദ്ധേയമാണ് എന്ന് കോടതി നിരീക്ഷിച്ചു.
പരാതിക്കാരൻ ഉന്നയിക്കുന്ന അഴിമതി എന്ന സംശയം ശരിയാവണം എങ്കിൽ, ഈ സമയം KREML-ന് അനുകൂലമായ ഒരു സർക്കാർ ഉത്തരവ് ഉണ്ടാകേണ്ടതായിരുന്നു, എന്നാൽ മറിച്ച് അപേക്ഷ നിരസിച്ച ഉത്തരവാണ് സർക്കാരിൽ നിന്നും ലഭിച്ചത്. അഴിമതി ആരോപണം സാധൂകരിക്കുന്ന ഒരു
കടലാസ് കഷണം പോലും പരാതിക്കാരൻ ഹാജർ ആക്കിയതിൽ കാണുന്നില്ല എന്ന് കോടതി ഉത്തരവിൽ പറയുന്നു.
ALSO READ:മാസപ്പടികേസിൽ അന്വേഷണമില്ല; മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ഹർജി തള്ളി, മാത്യു കുഴൽനാടന് കനത്ത തിരിച്ചടി