ആലപ്പുഴ:മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്നു കുഴിച്ചുമൂടിയെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്‌ടമെന്ന് സംശയിക്കുന്ന വസ്‌തുക്കൾ കണ്ടെത്തി. 20 കാരിയായ കലയെ മറവു ചെയ്‌തെന്ന് കരുതപ്പെടുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയിലാണ് അവശിഷ്‌ടം കണ്ടെത്തിയത്.
അതേസമയം അവശിഷ്‌ടങ്ങൾ കലയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയപരിശോധനയിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. 2 മാസം മുൻപ് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. അഞ്ച് പേര്‍ ചേര്‍ന്ന് യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു രഹസ്യവിവരം.
സംഭവത്തിൽ 4 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. സുരേഷ്, ജിനു, പ്രമോദ്, സന്തോഷ് എന്നിവരാണ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെല്ലാം കലയുടെ ഭര്‍ത്താവായിരുന്ന അനിലിന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്.
കേസിൽ പ്രതിയായ അഞ്ചാമനെ കസ്‌റ്റഡിയിലെടുക്കാനായി അന്വേഷണം തുടര്‍ന്ന പൊലീസ് ഈ വിവരം പുറത്ത് അറിയിച്ചിരുന്നില്ല. എന്നാൽ അഞ്ചാമനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. മാന്നാറിൽ കല താമസിച്ചിരുന്ന സ്ഥലത്ത് തന്നെ അവരെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.