മലപ്പുറം:മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് രണ്ട് ജീവപര്യന്തത്തിന് പുറമെ 104 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. അരീക്കോട് സ്വദേശിയായ 41 കാരനെയാണ് ജഡ്‌ജി എസ് രശ്‌മി ശിക്ഷിച്ചത്.
2006 ല്‍ ജനിച്ച പെണ്‍കുട്ടിയെ പ്രതി പത്താമത്തെ വയസു മുതല്‍ 17 വയസുവരെ നിരന്തരമായി പീഡിപ്പിച്ചിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമൊത്ത് താമസിച്ചിരുന്ന വീട്ടില്‍ വച്ചാണ് പ്രതി ലൈംഗികാതിക്രമം നടത്തിയിരുന്നത്. പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പിതാവ് കുട്ടിയെ അരീക്കോട് ആശുപത്രിയില്‍ കൊണ്ടുപോയി.
ഇതോടെയാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്താകുന്നത്. തുടര്‍ന്ന് അരീക്കോട് ആശുപത്രിയില്‍ നിന്ന് കേസ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്‌തു. ഡോക്‌ടര്‍മാരുടെ ഉപദേശ പ്രകാരം അവിടെവച്ച് ഗര്‍ഭം അലസിപ്പിച്ചു.
പിന്നീട് കുട്ടി പിതാവിനെതിരെ പരാതി നല്‍കി. കേസെടുത്ത അരീക്കോട് പൊലീസ് 2023 ഏപ്രില്‍ 8 ന് പ്രതിയെ അറസ്റ്റ് ചെയ്‌തു. ഇന്‍സ്‌പെക്‌ടറായിരുന്ന എം അബ്ബാസലി, സബ് ഇന്‍സ്‌പെക്‌ടര്‍ എം കബീര്‍, അസി. സബ് ഇന്‍സ്‌പെക്‌ടര്‍ കെ സ്വയംപ്രഭ എന്നിവര്‍ ചേര്‍ന്നാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. റിമാന്‍റിലായ പ്രതി പരാതിക്കാരിയെ സ്വാധീനിക്കുമെന്നതിനാല്‍ കേസ് തീരും വരെ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇതുവരെ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. പോക്‌സോ ആക്‌ടിലെ 5(ജെ) വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 25,000 രൂപ പിഴയും, 5(എം) പ്രകാരം 25 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ അഞ്ചു മാസം വീതം അധിക തടവും ശിക്ഷയില്‍ പറയുന്നുണ്ട്.