കോഴിക്കോട്:കാറിൽ എത്തിയ അക്രമിസംഘം മധ്യവയസ്‌കനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊടുവള്ളി കിഴക്കോത്ത് കുനിമ്മൽ മുഹമ്മദ് സാലിക്ക് (43) ആണ് ശരീരമാസകലം വെട്ടേറ്റത്. കാറിലെത്തിയ സംഘം വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിന് ശേഷം കെട്ടിയിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്നലെ (ഡിസംബർ 24) പുലർച്ചെ ആണ് സംഭവം. ഈസ്റ്റ് കിഴക്കോത്തിന് സമീപം മുഹമ്മദ് സാലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വച്ചാണ് അക്രമം നടന്നത്. ഇരുകൈകൾക്കും ഒരു കാലിനും നടുഭാഗത്തും ആഴത്തിലുള്ള ഏഴോളം വെട്ടുകളേറ്റിട്ടുണ്ട്. കൂടാതെ രണ്ട് കൈപ്പത്തികൾക്കും തുടയിലും ഗുരുതരമായ പരിക്കുകളുണ്ട്.
സാലിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ മുറിയിൽ താമസിക്കുന്ന അതിഥി തൊഴിലാളിക്ക് നേരെ അക്രമിസംഘം വെടിയുതിർത്തു. ഇയാൾ ഒഴിഞ്ഞുമാറിയതിനാലാണ് വെടിയേൽക്കാതെ രക്ഷപ്പെട്ടത്. തുടർന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ സംഘം കാറിൽ കയറി കടന്നുകളയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് നിലത്ത് വീണ മുഹമ്മദ് സാലിയെ അതിഥി തൊഴിലാളികളാണ് ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്. അതിന് ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പരപ്പൻപൊയിൽ കുറുന്തോട്ടി കണ്ടിയിൽ മുഹമ്മദ് ഷാഫിയെ വിദേശത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയി പത്തുദിവസം ബന്ദിയാക്കി എന്ന കേസിൽ മൂന്നാം പ്രതിയാണ് വെട്ടേറ്റ മുഹമ്മദ് സാലി. ഇതുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read:പത്തനംതിട്ടയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകളടക്കം എട്ടോളം പേർക്ക് പരിക്ക്