കേരളം

kerala

ETV Bharat / state

പച്ചവിരിച്ച് സുന്ദരിയായി മമ്പറം പുഴയോരം; വിനോദസഞ്ചാരികളുടെ ഇഷ്‌ടയിടത്തിന് ആരാധകരേറെ - MAMBARAM RIVER SIDE TOURIST SPOT

കൊടും വേനലിലും പുഴയോരത്തുള്ള പച്ചപ്പാണ് പ്രധാന ആകര്‍ഷണം. മമ്പറത്ത് പുതിയ പാലം പണിഞ്ഞത് ടൂറിസം സാധ്യതകളെ വർധിപ്പിക്കുന്നുണ്ട്.

MALANADU RIVERCRUSE PROJECT  മമ്പറം പുഴയോരം  MAMBARAM RIVERSIDE  TOURIST SPOT IN KANNUR
MAMBARAM RIVERSIDE TOURIST SPOT (ETV Bharat)

By ETV Bharat Kerala Team

Published : Nov 9, 2024, 8:05 PM IST

കണ്ണൂര്‍:വിനോദ സഞ്ചാരികള്‍ ഇടത്താവളമാക്കാന്‍ ആഗ്രഹിക്കുന്ന ഇടമാണ് മമ്പറം പുഴയോരം. അഞ്ചരക്കണ്ടി പുഴയിലെ ഏറ്റവും ഭംഗിയാര്‍ന്ന ഇടം ഈ പുഴയോരമാണെന്നതാണ് വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കൊടും വേനലിലും പുഴയുടെ തീരങ്ങളിലുള്ള പച്ചപ്പാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

മലനാട് റിവര്‍ക്രൂസ് പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചിലവില്‍ നിര്‍മിച്ച ബോട്ട് ജെട്ടിയുടെ നിർമാണം പൂര്‍ത്തിയായി. അരനൂറ്റാണ്ടിലധികം പഴക്കമുളള പഴയ പാലത്തിന് പകരം പുതിയ പാലം നിര്‍മ്മിച്ചു. ഉള്‍നാടന്‍ ജലപാത വികസനത്തിന്‍റെ ഭാഗമായാണിത്. മമ്പറം പുഴയിൽ ജലഗതാഗതം സജീവമാക്കണമെന്നും നിര്‍ദേശമുണ്ട്.

മമ്പറം പുഴയോരം, വിനോദസഞ്ചാരികളുടെ ഇഷ്‌ടയിടം (ETV Bharat)

ജലഗതാഗതത്തിന് കൂടി പര്യാപ്‌തമാവുന്ന വിധത്തിലാണ് പുതിയ പാലം നിര്‍മിച്ചത്. പുഴയില്‍ നിന്നും ആറ് മീറ്റര്‍ ഉയരത്തിലും 287 മീറ്റര്‍ നീളത്തിലുമാണ് പുതിയ പാലത്തിന്‍റെ നിര്‍മാണം. അതിനാല്‍ തന്നെ ജലഗതാഗതം സുഗമമായി ഈ പുഴയിലൂടെ അഞ്ചരക്കണ്ടി ഭാഗത്തും തലശേരി ഭാഗത്തും നടത്താന്‍ കഴിയും.

പഴയ മമ്പറം പാലം ഉപയോഗപ്പെടുത്തിയാൽ വിനോദ സഞ്ചാര വികസനത്തിന് സാധ്യത കൂടും. പഴയ പാലത്തിന്‍റെ കൂത്തുപറമ്പ് ഭാഗത്തെ ഒരു സ്‌പാനിനും സ്ലാബിനും മാത്രമേ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുള്ളൂ. ധര്‍മ്മടത്തെ പഴയ മൊയ്‌തു പാലത്തില്‍ ഭാര പരിശോധന നടത്തി വിനോദ സഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാക്കാനുള്ള ശ്രമം തുടരുമ്പോള്‍ മമ്പറം പാലത്തിൽ കൂടി സമാന രീതിയിലുള്ള വികസനം കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ബോട്ട് ജെട്ടി പൂര്‍ത്തിയായ സ്ഥിതിക്ക് ഹൗസ് ബോട്ടുകളും യാത്രാ ബോട്ടുകളും അടുപ്പിക്കാനാവും. അഞ്ചരക്കണ്ടി - തലശേരി എയര്‍പോര്‍ട്ട് റോഡിന്‍റെ വികസനം യാഥാര്‍ഥ്യമാകുമ്പോള്‍ യാത്രക്കാര്‍ക്ക് ഇടത്താവളമാകുന്നത് മമ്പറം ടൗണായിരിക്കും.

പഴയ കാലത്ത് ഉള്‍നാടന്‍ ജലഗതാഗതം വളരെ സജീവമായി അഞ്ചരക്കണ്ടി പുഴയില്‍ നടന്നിരുന്നതായി പഴമക്കാര്‍ പറയുന്നു. മമ്പറത്തെ പ്രസിദ്ധമായ ചൂടി, നാളികേരം തുടങ്ങിയവ തലശേരിയിലേക്കും തലശേരി അങ്ങാടിയില്‍ നിന്നും പലവകയുമായി തിരിച്ച് അഞ്ചരക്കണ്ടിയിലേക്കും വള്ളങ്ങള്‍ വഴിയായിരുന്നു എത്തിയിരുന്നത്. മമ്പറത്തെ ബോട്ട് ജെട്ടിയുടെ പണി പൂര്‍ത്തിയായ സ്ഥിതിക്ക് ജലഗതാഗതത്തിന് ഇപ്പോൾ പ്രസക്തി ഏറുകയാണ്. അതോടൊപ്പം വിനോദ സഞ്ചാര മേഖലയ്ക്കും ഉണര്‍വുണ്ടാകും.

പഴയ ബ്രിട്ടീഷ് ഭരണകാലത്ത് അഞ്ചരക്കണ്ടി പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ഇന്നും ബ്രിട്ടീഷുകാര്‍ അഞ്ചരക്കണ്ടിയില്‍ സന്ദര്‍ശനം നടത്താറുണ്ട്. ഇക്കാരണത്താല്‍ മമ്പറത്തിന്‍റെ ജലഗതാഗത സഞ്ചാരം വിനോദ സഞ്ചാര മേഖലയ്ക്ക് തന്നെ പുതിയ മാനങ്ങള്‍ സൃഷ്‌ടിക്കും.

Also Read:വാല്‍പ്പാറ ഒരു ബെസ്റ്റ് ടൂറിസം സ്‌പോട്ട്; വഴിനീളെ വിസ്‌മയ കാഴ്‌ചയൊരുക്കി പ്രകൃതി, കാണുക ഈ കാഴ്‌ചകളെല്ലാം

ABOUT THE AUTHOR

...view details