കേരളം

kerala

ETV Bharat / state

ആ 'രാത്രിമഴ' പെയ്‌തുതോര്‍ന്നിട്ട് നാലാണ്ട്; ഓര്‍മകളില്‍ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചര്‍ - SUGATHAKUMARI DEATH ANNIVERSARY

ജനനം 1934 ജനുവരി 22ന് ആറന്മുളയില്‍. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ബോധേശ്വരന്‍റെയും വികെ കാര്‍ത്യായനി അമ്മയുടെയും മകള്‍. പത്‌മശ്രീ നേടിയ പ്രതിഭ. മരണം 2020 ഡിസംബര്‍ 23ന്.

MALAYALAM POET SUGATHAKUMARI  SUGATHAKUMARI AS AN ACTIVIST  സുഗതകുമാരി ടീച്ചര്‍ കവിതകള്‍  POET SUGATHAKUMARI LIFE
Sugathakumari (ETV Bharat)

By ETV Bharat Kerala Team

Published : 9 hours ago

ഒരുപാട്ട് പിന്നെയും പാടി നോക്കുന്നിതാ

ചിറകൊടിഞ്ഞുള്ളൊരീ കാട്ടുപക്ഷീ...

മണ്ണിന്, പ്രകൃതിയ്‌ക്ക് വേണ്ടി അക്ഷരങ്ങള്‍ അര്‍ച്ചന ചെയ്‌ത 'പക്ഷി'. മലയാളത്തിന്‍റെ പ്രിയ സുഗതകുമാരി ടീച്ചര്‍ മണ്ണില്‍ പതിപ്പിച്ച കാല്‍പ്പാടുകള്‍ നാലാണ്ടിനിപ്പുറവും മായാതെ കിടക്കുന്നു. മരങ്ങള്‍ വെട്ടി, മണ്ണിലമരുമ്പോള്‍ നെഞ്ചുപിടഞ്ഞ സുഗതകുമാരി. പെണ്‍ ഉള്ളം നീറിയപ്പോള്‍ കണ്ണുകലങ്ങിയ സുഗതകുമാരി. നാടിന്‍റെ നിലവിളികള്‍ക്ക് നേരെ കാതുപൊത്താതിരുന്ന സുഗതകുമാരി. ഒരു കവയിത്രി എന്നതിനപ്പുറം മലയാളിയ്‌ക്ക് അമ്മ മനസായിരുന്നു ടീച്ചര്‍.

നെഞ്ചില്‍ ആഴത്തില്‍ പതിഞ്ഞ വരികള്‍, മലയാളി ഉള്ളിടത്തോളം കാലം അവയ്‌ക്കും മരണമില്ല. കൊച്ചുകുട്ടികള്‍ക്ക് പോലും സുപരിചിതയാണ് ടീച്ചര്‍. കവിതകളില്‍ ഭഗവാനോടുള്ള പ്രേമം ഒളിപ്പിച്ച തികഞ്ഞ കൃഷ്‌ണഭക്ത. ആദ്യ കവിത സമാഹാരം മുതല്‍ മരണാനന്തരം പുറത്തിറങ്ങിയ അവസാന കവിത വരെ പ്രതിഭയോട് അത്രകണ്ട് നീതി പുലര്‍ത്തിയവയാണ്.

സുഗതകുമാരി ടീച്ചര്‍ (Wikipedia)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കുട്ടിക്കാലം മുതല്‍ തുടങ്ങിയ എഴുത്ത്. ആദ്യകാല കവിതകള്‍ പരിഹാസം ഭയന്ന് ആരെയും കാണിച്ചിരുന്നില്ല. ആദ്യമായി കവിത അച്ചടിച്ച് വന്നത് യൂണിവേഴ്‌സിറ്റി കോളജ് മാഗസിനില്‍. അതും മറ്റൊരു പേരില്‍. പതിയെ എഴുത്ത് വളര്‍ന്നു. സുഗതകുമാരി പുറത്തും കവിതകള്‍ എഴുതി തുടങ്ങി.

വിവാഹ ശേഷം ഡല്‍ഹിയിലേക്ക്, അക്കാലത്തെ ദില്ലിയിലേക്ക്, ചേക്കേറി. ദില്ലി സുഗതകുമാരിക്ക് കവിത വിളയിക്കാന്‍ പറ്റിയ മണ്ണായിരുന്നു. മാതൃപൂജയും അത്രമേല്‍ സ്‌നേഹിക്കയാലും ഒക്കെ പിറന്നത് ദില്ലിയിലാണ്. അതും ആശുപത്രി കിടക്കയില്‍ വച്ച്.

സുഗതകുമാരി ടീച്ചര്‍ (Wikipedia)

ഒരിക്കല്‍ സുഗതകുമാരി ടീച്ചര്‍ പറഞ്ഞു, 'നരക ദര്‍ശനമായിരുന്നു അത്' എന്ന്. കേരളത്തിലെ മനോരോഗ ആശുപത്രികളിലെ കാഴ്‌ചകളെ കുറിച്ചായിരുന്നു ടീച്ചര്‍ അന്ന് പറഞ്ഞത്. അതൊരു വഴിത്തിരിവായി. മനസ് കൈവിട്ടുപോയവര്‍ക്കായി എന്തെങ്കലും ചെയ്യണമെന്ന് അന്നേ ടീച്ചര്‍ ഉറപ്പിച്ചിരുന്നു. 1985ല്‍ 'അഭയ'യുടെ പിറവിയിലേക്ക് അതെത്തി.

മനോരോഗം ബാധിച്ചവര്‍ക്ക് വേണ്ടി, ആശുപത്രികളില്‍ അവര്‍ അനുഭവിക്കുന്ന യാതനകള്‍ക്കെതിരെ തുറന്ന യുദ്ധം തന്നെ പ്രഖ്യാപിക്കുകയായിരുന്നു ടീച്ചര്‍. ഒടുവില്‍ ആ യുദ്ധം വിജയിച്ചു. കേരളത്തിലെ മനോരോഗ ആശുപത്രികള്‍ ആതുരാലയങ്ങളായത് അങ്ങനെയാണ്.

സുഗതകുമാരി ടീച്ചര്‍ (Wikipedia)

ആരോരുമില്ലാത്ത സ്‌ത്രീകളെയും കുടുംബവും സമൂഹവും ദൂരെപ്പാടകലെ നിര്‍ത്തിയവരെയും സുഗതകുമാരി ചേര്‍ത്തു നിര്‍ത്തി. അഭയയിലൂടെ അവര്‍ക്ക് തണലൊരുക്കി. അങ്ങനെ ടീച്ചറ'മ്മ' ആയി. വിവാദങ്ങളും ഇടക്കെപ്പോഴോ ടീച്ചറെയും പിടിമുറുക്കിയിരുന്നു.

പ്രണയവും ഭക്തിയും കാല്‍പനികതയും മാത്രമല്ല പ്രതിഷേധവും സുഗതകുമാരി കവിതകളില്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. നിത്യനിദ്രയിലേക്ക് മറഞ്ഞെങ്കിലും 'കവിയുടെ കാല്‍പ്പാടുകള്‍' ഇന്നും തെളിഞ്ഞങ്ങനെ കിടപ്പുണ്ട്. അനീതിക്കും അക്രമത്തിനും എതിരായ സമരത്തിന് അഗ്നി പകരാന്‍ ടീച്ചറില്ലെങ്കിലും, അവര്‍ കുറിച്ചിട്ട വരികളുണ്ട്, വെട്ടിത്തെളിച്ച വഴികളുണ്ട്...

സുഗതകുമാരി ടീച്ചര്‍ (Wikipedia)

ABOUT THE AUTHOR

...view details