ന്യൂഡൽഹി/ തിരുവനന്തപുരം:ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടന്‍ സിദ്ദിഖ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് നടൻ സുപ്രീം കോടതിയെ സമീപിച്ചത്. സിദ്ദിഖ് ഹര്‍ജി നല്‍കിയ കാര്യം സുപ്രീം കോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത വിവരങ്ങളിലുണ്ട്.
ഹർജി സുപ്രീം കോടതി വെള്ളിയാഴ്‌ച പരിഗണിച്ചേക്കും. 150 പേജുകളുള്ള ഹർജിയാണ് സിദ്ദിഖ് സമർപ്പിച്ചത്. ബലാത്സംഗ കേസിൽ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെയാണ് ഹൈക്കോടതി തള്ളിയത്. സിദ്ദിഖ് നേരിടുന്ന ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, കുറ്റകൃത്യത്തിന്‍റെ ശരിയായ അന്വേഷണത്തിന് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
സിദ്ദിഖിന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കോടതിയിൽ ഹാജരാക്കിയ രേഖകൾ വ്യക്തമാക്കുന്നതായി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ പീഡന പരാതി രജിസ്റ്റര്‍ ചെയ്‌തത്.
2016ൽ തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. നിലവിൽ സിദ്ദിഖ് ഒളിവിൽ കഴിയുകയാണ്.