മലപ്പുറം: പ്രായം 75 പിന്നിട്ട അബ്‌ദുറാക്ക അന്നും ഇന്നും ഹീറോയാണ്. 60 വർഷം മുമ്പ് വാങ്ങിയ ഹീറോ സൈക്കിളിൽ തന്‍റെ ജീവിതചക്രം തിരിച്ച് മുന്നോട്ടു കുതിക്കുകയാണ് 75-കാരനായ കാളികാവ് ചെങ്കോട് പയ്യശ്ശേരി അബുറഹ്മാൻ എന്ന അബദുറാക്ക. സൈക്കിൾ ഓടിച്ചോ തള്ളിയോ അല്ലാതെ അബ്‌ദുറഹ്മാൻ എന്ന നാട്ടുകാരുടെ അബുറാക്കയെ കാണുക അപൂർവമാണ്.
1963ല്‍ ആണ് അബ്‌ദുറാക്ക ഐസ് കച്ചവടം നടത്തുന്നതിനായി കോയമ്പത്തൂരിൽ പോയി ഹീറോ സൈക്കിൽ വാങ്ങിയത്. കാളികാവിലെ ആദ്യകാല സൈക്കിൾ ഷോപ്പുകാരനായിരുന്ന വാളശ്ശേരി കുട്ടിപ്പയോടൊപ്പം പോയാണ് സൈക്കിള്‍ കൊണ്ടുവന്നത്. അതേ സൈക്കിൾ തന്നെയാണ് ഇപ്പോഴും അബ്‌ദുറാക്കയുടെ ഒപ്പമുള്ളത്.
പക്ഷേ പഴയതായി സൈക്കിളിന്‍റെ ഫ്രെയിം മാത്രമാണുള്ളത്. മറ്റെല്ലാ പാർട്ട്സുകളും മാറിയിട്ടുണ്ട്. ഇപ്പോൾ കൂലിപ്പണിക്കാരനായ ഇദ്ദേഹത്തിന് തന്‍റെ തൊഴിലിടങ്ങളിലേക്ക് പോവാനും മറ്റു യാത്രാവശ്യങ്ങൾക്കുമെല്ലാം 60 വർഷം പഴക്കമുള്ള ഹീറോ സൈക്കിളാണ് ആശ്രയം.
അബ്‌ദുറാക്കയും ഹീറോ സൈക്കിളും (ETV Bharat) നേരത്തെ ഐസ് വിൽപനയും കടലക്കച്ചവടവും ഒരുപോലെ നടത്തിയിരുന്ന അബ്‌ദുറാക്ക പിന്നീട് മാങ്ങ വ്യാപാരത്തിലേക്ക് തിരിഞ്ഞു. മുന്ന് വർഷം മുമ്പ് ചെറിയ ശാരീരിക അസ്വസ്ഥതകൾ വന്നതിനാൽ തത്‌കാലം വിദൂര സ്ഥലങ്ങളിൽ നിന്ന് മാങ്ങ പറിച്ച് കൊണ്ടുവരുന്നത് വീട്ടുകാരുടെ സ്നേഹപൂർവമായ ഉപദേശപ്രകാരം നിർത്തി. പ്രായം 75 പിന്നിട്ടിട്ടും അധ്വാനവും സൈക്കിൾ സഞ്ചാരവും അബ്‌ദുറക്ക തുടരുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പരിസരത്തുള്ള സ്ഥലങ്ങളിൽ കൃഷിപ്പണിക്ക് പോകും. ജോലിസ്ഥലത്തേക്ക് കൈക്കോട്ടും കത്തിപോലുള്ള തൊഴിൽ ഉപകരണങ്ങളുമായി സൈക്കിളിലാണ് പുറപ്പെടുക. 60 വർഷം മുമ്പ് വാങ്ങിയ സൈക്കിൾ പലതവണ പെയിന്‍റ് ചെയ്‌ത് വീൽ അടക്കമുള്ള പാർട്ട്സുകളും മറ്റും ഇടക്ക് മാറ്റി. നിരന്തരമായ സൈക്കിൾ സഞ്ചാരം കൊണ്ടാവാം അബ്‌ദുറാക്കയ്‌ക്ക് 75ാം വയസിലും പതിനെട്ടുകാരന്‍റെ ചുറുചുറുക്കാണ്. 60 കൊല്ലം മുമ്പുള്ള തന്‍റെ സന്തതസഹചാരിയായ സൈക്കിളിനെ കുടുംബാംഗത്തെ പോലെ അബ്‌ദുറാക്ക ഒപ്പം ചേർത്ത് നിർത്തുകയാണ്.
Also Read:പാഴ്‌വസ്‌തുക്കളെ രൂപം മാറ്റുന്ന കാക്കിക്കുള്ളിലെ 'കലാകാരൻ'; മനോഹരം അനില്‍ കുമാറിന്‍റെ വീടിന്‍റെ അകത്തളം