കണ്ണുർ: മാഹി പാലം അറ്റകുറ്റപ്പണിക്കായി അടച്ചിടുമ്പോഴും പുതിയ പാലം വേണമെന്ന ആവശ്യം പരിഗണിക്കപ്പെടുമോ എന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്. ഈ മാസം 29 മുതൽ മെയ് 10 വരെ മാഹി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ്, ദേശീയ പാത അധികൃതർ ഉത്തരവിറക്കിയിട്ടുണ്ട്.
കോഴിക്കോട് ദേശീയ പാത ഡിവിഷൻ്റെ മേൽ നോട്ടത്തിലാണ് പാലത്തിലെ അറ്റകുറ്റ പണി നടക്കുക. ദേശീയ പാത അതോറിറ്റി നിശ്ചയിച്ച 19 ലക്ഷം രൂപയുടെ പുനർനിർമാണമാണ് നടക്കുന്നത്. പുതിയ ദേശീയ പാതയിൽ മുഴപ്പിലങ്ങാട്- മാഹി ഭാഗം പൂർത്തിയായതോടെ ഇനി മാഹി പാലം പുതുച്ചേരി-കേരള സർക്കാരുകളുടെ അധികാര പരിധിയിലാകും. പാലത്തിൻ്റെ തുടർന്നുള്ള എല്ലാ പണികളും ഇരു സർക്കാരുകളുമാണ് ചെയ്യേണ്ടത്.
മയ്യഴി കൂട്ടം നേരത്തെ കേരള ഹൈക്കോടതിയിൽ പൊതു താൽപരര്യ ഹര്‍ജി നല്‍കിയതിൽ ദേശീയ പാത വിഭാഗം കോടതിക്ക് നല്‍കിയ മറുപടി തൃപ്‌തികരമായിരുന്നില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. കോൺക്രീറ്റ് ചെയ്‌ത് ബലപ്പെടുത്തിയ പാലത്തിലൂടെ ഭാര വാഹനങ്ങൾ കടന്നു പോകുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കോൺക്രീറ്റ് സ്ലാബുകൾ തകർന്നും കുഴി വീണും പാലം സമ്പൂർണ തകർച്ചയിലേക്ക് കുതിക്കുകയാണ്. വൈകിയ വേളയില്‍ പാലം ബലപ്പെടുത്താൻ ശ്രമിക്കുമ്പോഴും പുതിയ പാലമാണ് ശാശ്വത പരിഹാരം എന്നാണ് നാട്ടുകാരുടെ പക്ഷം. കോഴിക്കോട് ഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം വഴിതിരിച്ചു വിട്ടാണ് അറ്റകുറ്റപ്പണി നടത്തുക.