കണ്ണൂര്‍: മാഹി സെൻ്റ് തെരേസാസ് ബസിലിക്കയിലെ തിരുനാളിന് കൊടിയേറി. ത്രേസ്യാ പുണ്യവതിയുടെ ദാരുശിൽപം പൊതുവണക്കത്തിന് വച്ചതോടെയാണ് ആത്മീയ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തിരുനാള്‍ മഹോത്സവം ഈ മാസം 22ആം തീയതി വരെ നടക്കും. കോഴിക്കോട് രൂപതാ വികാരി ജനറലും ഇടവക വികാരിയുമായ മോണ്‍. ജന്‍സന്‍ പുത്തന്‍ വീട്ടില്‍ വിശുദ്ധ അമ്മ ത്രേസ്യയുടെ ദാരുശിൽപം പൊതുവണക്കത്തിന് വച്ചതോടെ ഭക്തജന പ്രവാഹമായിരുന്നു.
മാഹിയും പരിസരവും തീര്‍ഥാടകരായ ജനങ്ങളുടെ തിരക്കിലാണ്. പൊതുവണക്കത്തിന് പ്രതിഷ്‌ഠിച്ച തിരുസ്വരൂപത്തില്‍ പൂമാല അര്‍പ്പിക്കാനും സന്നിധിയില്‍ മെഴുകുതിരി തെളിയിക്കാനും തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശുദ്ധ അമ്മ ത്രേസ്യയുടെ മധ്യസ്‌ഥം വഴി വിശ്വാസധാർഡ്യവും മാനസിക പരിവര്‍ത്തനവും കൈവരിക്കാന്‍ തിരുനാള്‍ ആഘോഷങ്ങള്‍ സഹായകരമാവുമെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.
ഈ മാസം 14, 15 തീയതികളിലാണ് തിരുനാള്‍ ആഘോഷങ്ങളിലെ മുഖ്യ ചടങ്ങുകള്‍. ആത്മീയവും ഭൗതികവുമായ നന്മകളും അനുഗ്രഹങ്ങളും നേടുന്നതിനും തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ സര്‍വ്വ മതസ്ഥരെയും സ്വാഗതം ചെയ്യാന്‍ ആഘോഷ കമ്മിറ്റി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 14, 15 തീയതികളില്‍ തിരുനാള്‍ ജാഗരവും ത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള നഗര പ്രദക്ഷിണവും നടക്കും.