തിരുവനന്തപുരം :കേരളത്തിലെ തീരദേശ ടൂറിസം കേന്ദ്രങ്ങളിലൂടെ ഒരു ആഡംബര കപ്പല്‍ യാത്രയെ കുറിച്ച് ആലോചിച്ചു നോക്കൂ. വല്ലപ്പോഴും കൊച്ചിയില്‍ വന്നു പോകുന്ന ആഡംബരക്കപ്പലുകളെ വെല്ലുന്ന തരത്തിലുള്ള കപ്പലുകള്‍ കേരളത്തിന്‍റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ള തുറമുഖങ്ങള്‍ ലക്ഷ്യമിട്ട് നീങ്ങാന്‍ ഇനി അധികകാലം വേണ്ടി വരില്ല.
ആഡംബരത്തിന്‍റെയും ആഘോഷത്തിന്‍റെയും പര്യായമായ ക്രൂയിസ് കപ്പല്‍ സര്‍വീസിന് കേരള മാരിടൈം ബോര്‍ഡില്‍ 12 കമ്പനികളാണ് ഇതിനകം താത്‌പര്യമറിയിച്ചത്. നിബന്ധനകള്‍ ഉള്‍പ്പെടുത്തി ജൂലൈ 29 ന് കമ്പനികള്‍ താത്‌പര്യപത്രം സമര്‍പ്പിക്കുമെന്ന് കേരള മാരിടൈം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഷൈന്‍ എ ഹഖ് ഇടിവി ഭാരതിനോടു വ്യക്തമാക്കി.
വിഴിഞ്ഞം ഉള്‍പ്പെടെ കേരളത്തിലെ തീരദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയ ക്രൂയിസ് കപ്പല്‍ പാതയും മാരിടൈം ബോര്‍ഡിന്‍റെ പരിഗണനയിലാണ്. നിലവില്‍ 300 ഓളം പേരെ ഉള്‍കൊള്ളിക്കുന്ന കപ്പലുകളാണ് കേരള തീരത്ത് സര്‍വീസ് നടത്താന്‍ താത്പര്യമറിയിച്ചത്. ചെറു കല്യാണങ്ങള്‍ വരെ നടത്താനുള്ള സംവിധാനങ്ങള്‍ ഈ കപ്പലുകളില്‍ ഉണ്ടാകും.
അതാത് കമ്പനികളുടെ ശേഷി പ്രകാരം മറ്റ് രാജ്യങ്ങളിലേക്കും ക്രൂയിസ് കപ്പല്‍ കമ്പനികള്‍ക്ക് സര്‍വീസ് നടത്താം. ഈ മാസം 29 ന് ശേഷം ഏതൊക്കെ കമ്പനികളാകും സര്‍വീസ് നടത്തുകയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകും. തലശ്ശേരി, അഴീക്കല്‍, പൊന്നാനി, ബേപ്പൂര്‍, കോഴിക്കോട്, വടകര, വലിയതുറ, വിഴിഞ്ഞം, നീണ്ടകര, കണ്ണൂര്‍, നീലേശ്വരം, മഞ്ചേശ്വരം, കാസര്‍കോട്, കൊടുങ്ങല്ലൂര്‍, കൊല്ലം, കായംകുളം, ആലപ്പുഴ തുറമുഖങ്ങളാണ് കേരള മാരിടൈം ബോര്‍ഡിന്‍റെ അധീനതയിലുള്ളത്. ഇവ കൂട്ടിയോജിപ്പിച്ചാകും ക്രൂയിസ് കപ്പല്‍ പാത നിശ്ചയിക്കുക.
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ട ജില്ലകളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പിന്നീട് തീരുമാനിക്കും. കടലിന് പുറമെ കായല്‍ മാര്‍ഗമുള്ള ക്രൂയിസ് കപ്പല്‍ സര്‍വീസും വിനോദ സഞ്ചാരത്തിന് വന്‍ സാധ്യതകള്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് കേരള മാരിടൈം ബോര്‍ഡ്.
വിനോദ സഞ്ചാരത്തിന് പുറമെ ഒരു സഞ്ചാര മാര്‍ഗമെന്ന നിലയിലും പൊതുജനത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തരത്തിലാകും കപ്പലുകളുടെ സഞ്ചാര മാര്‍ഗം. നിലവില്‍ കൊച്ചിയില്‍ നിന്നു മാത്രമാണ് ക്രൂയിസ് കപ്പലുകള്‍ സര്‍വീസ് നടത്തുന്നത്. ഇതു സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കേരള മാരിടൈം ബോര്‍ഡ് സിഇഒ പറഞ്ഞു.
Also Read:സാധ്യത കടലോളം... ലോക തുറമുഖ ഭൂപടത്തില്‍ മുന്‍ നിരയില്‍ സ്ഥാനം പിടിച്ച് വിഴിഞ്ഞം - VIZHINJAM PORT