വെളളക്കെട്ടൊഴിയാതെ കോഴിക്കോട് ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങൾ (ETV Bharat) കോഴിക്കോട്:കനത്ത മഴയിൽ മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളക്കെട്ട് തുടരുന്നു. ഇന്ന് രാവിലെ മുതൽ ജില്ലയിൽ മഴയ്ക്ക് അൽപം ശമനമുണ്ടെങ്കിലും മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലൊന്നും വെള്ളക്കെട്ടുകൾക്ക് പരിഹാരമായിട്ടില്ല. കഴിഞ്ഞ നാല് ദിവസത്തോളമായി കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.
ചാലിയാറും ചെറുപുഴയും ഇരുവഞ്ഞിയുമെല്ലാം കരകവിയാൻ തുടങ്ങിയതാണ് വെള്ളക്കെട്ടിന് കാരണമായത്. ഇന്ന് പുലർച്ചെ മുതൽ വെള്ളം അൽപം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളെല്ലാം തന്നെ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
മാവൂർ പഞ്ചായത്തിലെ ആയംകുളം, പള്ളിയോൾ, പുത്തൻകുളം, നെച്ചിക്കാട്ട്കടവ്, തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളത്തിൻ്റെ ദുരിതം ഏറെയുമുള്ളത്. ചാത്തമംഗലം പഞ്ചായത്തിൽ കോട്ടോൽത്താഴം, സങ്കേതം, മുഴപ്പാലം, വെള്ളലശ്ശേരി വയൽ എന്നിവിടങ്ങളിലൊക്കെ വലിയതോതിൽ വെള്ളം കയറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വെള്ളം കയറി വീടൊഴിയേണ്ടി വന്ന മാവൂർകച്ചേരി കുന്നിലെ വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയിട്ടുണ്ട്. വയലുകളിൽ വെള്ളം കയറിയതോടെ വ്യാപകമായി വാഴ കൃഷിനാശവും സംഭവിച്ചു. മാവൂർ, പെരുവയൽ, ചാത്തമംഗലം പഞ്ചായത്തുകളിലൊക്കെ കൃഷിനാശം സംഭവിച്ചതോടെ വലിയ നഷ്‌ടമാണ് കർഷകർക്കുണ്ടായത്.
Also Read:ഇടുക്കിയില്‍ പെരുമഴ, മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട് കക്കാട്ടുകടയിലെ കുടുംബങ്ങൾ