മലപ്പുറം:ഉപ്പട, ആനക്കല്ലില്‍ ഭൂമിക്കടിയില്‍ നിന്നും വീണ്ടും മുഴക്കം. പ്രദേശത്തെ കുഴൽക്കിണറുകളിലെ വെള്ളം കലങ്ങി. ചില വീടുകള്‍ക്കുള്ളില്‍ നേരിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളം ശേഖരിച്ച് തുടങ്ങി.
ചൊവ്വാഴ്‌ച (29/10/2024) രാത്രി ഒമ്പതരയോടെയാണ് ആദ്യം വൻ മുഴക്കമുണ്ടായത്. ഇതിന് പിന്നാലെ പത്തേമുക്കാലോടെ വീണ്ടും സമാനമായ ശബ്‌ദവും വീടുകള്‍ പ്രകമ്പനം കൊള്ളുന്ന അവസ്ഥയുമുണ്ടായി. ഇന്ന് (30/10/2024) രാവിലെയും മൂന്ന് തവണ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്‌ദമുണ്ടായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ട് കിലോമീറ്റര്‍ അകലെ വരെ പ്രകമ്പനവും ഇടിമുഴക്കവും ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. ഇന്നലെയും ഇന്നുമായി പത്തിലേറെ തവണയാണ് ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്‌ദമുണ്ടായത്. ഇതോടെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലായിരിക്കുകയാണ്. ചൊവ്വാഴ്‌ച രാത്രി തന്നെ ജനങ്ങളെ പഞ്ചായത്ത് അധികൃതര്‍ പ്രദേശത്ത് നിന്ന് മാറ്റി. പോത്തുകല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും വില്ലേജ് ഓഫിസറും പൊലീസും എത്തിയാണ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്.
സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തിന്‍റെ മാപ്പ് ജിയോളജി അധികൃതര്‍ക്ക് അയച്ചുകൊടുത്തു. എന്നാല്‍ ഭൂകമ്പ സാധ്യതയില്ലെന്നും ഭൂമിക്കടിയിലെ പാറകള്‍ തമ്മില്‍ കൂട്ടിയിടക്കുന്ന പ്രതിഭാസത്തിന്‍റെ ശബ്‌ദമാണ് കേട്ടതെന്നും അധികൃതര്‍ അറിയിച്ചു. കുഴല്‍ കിണറുകള്‍ കൂടുതലായി നിര്‍മിച്ച പ്രദേശമാണ് ആനക്കല്ല്. ഇതിന്‍റെ തുടര്‍ പ്രതിഭാസമാണ് ഭൂമിക്കടിയില്‍ നിന്നുള്ള ശബ്‌ദമെന്നും ജിയോളജി അധികൃതര്‍ പറഞ്ഞു.
ഇപ്പോഴും തരിപ്പും ശബ്‌ദവും ഇടവിട്ട് ഉണ്ടാകുന്നുണ്ട്. ജിയോളജി വകുപ്പ് എത്രയും പെട്ടെന്ന് പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ ഇടപെട്ട് ജനങ്ങളുടെ ആശങ്ക മാറ്റണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പുഷ്‌പവല്ലി ആവശ്യപ്പെട്ടു. ജിയോളജി വകുപ്പും കലക്‌ടറും പരിശോധന നടത്തിയതിന് ശേഷം റിപ്പോര്‍ട്ടനുസരിച്ച് ആളുകളുടെ സുരക്ഷ ഉറപ്പുവരുത്താനുളള നടപടി സ്വീകരിക്കുമെന്ന് പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്‍റ് വിദ്യ രാജന്‍ പറഞ്ഞു.
കഴിഞ്ഞ മാസം 18ന് ജിയോളജി വകുപ്പ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. മന്ത്രി ജി ആർ അനിൽ, ജില്ല കലക്‌ടർ, ജിയോളജി ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടുന്നവർ ഇന്ന് സ്ഥലം സന്ദര്‍ശിക്കും.
Also Read:മലപ്പുറത്ത് ഭൂമിക്കടിയിൽ നിന്ന് ഉഗ്ര സ്‌ഫോടനത്തിന്‍റെ ശബ്‌ദം; വീടുകള്‍ക്ക് വിള്ളൽ; ഭൂമികുലുക്കം അല്ലെന്ന് അധികൃതർ