വിജയത്തിനുശേഷം ആൻ്റോ ആൻ്റണി മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ (ETV Bharat) പത്തനംതിട്ട:കെ സുരേന്ദ്രന് ലഭിച്ചത്ര വോട്ടുകൾ പോലും നേടാൻ കഴിയാതെ അനിൽ ആൻ്റണി. ദേശീയ തലത്തിൽ വരെ ശ്രദ്ധകേന്ദ്രമായ പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിൽ നാലാം തവണയും യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയാണ് വിജയിച്ചത്. അട്ടിമറി വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും എൻഡിഎ സ്ഥാനാർഥി അനിൽ ആൻ്റണി ഒരിക്കൽ പോലും ലീഡ് നിലയിൽ മുന്നിൽ വന്നില്ല.
അവസാന നിമിഷമാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എകെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണിയെ കേന്ദ്ര ബിജെപി നേതൃത്വത്തിൻ്റെ പിന്തുണയോടെ പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥിയാക്കിയത്. അനിൽ ആൻ്റണിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പത്തനംതിട്ടയിൽ പ്രചാരണത്തിന് എത്തിയതോടെ ദേശീയ തലത്തിൽ വരെ മണ്ഡലം ശ്രദ്ധകേന്ദ്രമായി. 2,34,406 വോട്ടുകളാണ് അനിൽ ആൻ്റണിക്ക് ലഭിച്ചത്.
2024 ലെ തെരഞ്ഞെടുപ്പ് ഫലം (ETV Bharat) ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ 2,97,396 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇതിൽ കൂടുതൽ വോട്ട് ഇക്കുറി എൻഡിഎ സ്ഥാനാർഥി അനിൽ ആൻ്റണി നേടുമെന്നും, അട്ടിമറി വിജയമുണ്ടാകുമെന്ന പ്രതീക്ഷയിലും ആയിരുന്നു എൻഡിഎ ക്യാമ്പ്. എന്നാൽ കെ സുരേന്ദ്രന് ലഭിച്ച വോട്ടുകൾ പോലും നേടാൻ അനിൽ ആൻ്റണിക്ക് കഴിഞ്ഞില്ല. അനില്‍ ആൻ്റണി വിജയിച്ചാല്‍ പത്തനംതിട്ടയ്ക്ക് കേന്ദ്രമന്ത്രിയെന്നായിരുന്നു ബിജെപി പ്രചരണം. ഇതിനിടെ അനില്‍ ആൻ്റണി തോല്‍ക്കണമെന്ന് പിതാവ് എ കെ ആൻ്റണി പറഞ്ഞതും വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.
66,119 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആൻ്റോയുടെ വിജയം. മൊത്തം 3,67,623 വോട്ടുകളാണ് ആൻ്റോയ്ക്ക് ലഭിച്ചത്. ജില്ല രൂപീകരിച്ച കാലം മുതല്‍ യുഡിഎഫിനെ പിന്തുണച്ച പത്തനംതിട്ടക്കാർ ഇത്തവണയും യുഡിഎഫിനൊപ്പം നിന്നപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ഡോ. ടിഎം തോമസ് ഐസക് 3,01,504 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തായി.
ആൻ്റോ ആൻ്റണി 2019 ല്‍ എൽഡിഎഫിലെ വീണാ ജോർജിനെ 44,243 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 3,80,927 വോട്ടുകകളാണ് അന്ന് ആൻ്റോ ആൻ്റണി നേടിയത്. ഇത്തവണ ആൻ്റോയുടെ ഭൂരിപക്ഷം അര ലക്ഷം കടന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വീണ ജോർജ് 3,36,684 വോട്ടുകള്‍ നേടി.
2019 ലെ തെരഞ്ഞെടുപ്പ് ഫലം (ETV Bharat) പത്തനംതിട്ട ജില്ലയിലെ അടൂർ, കോന്നി, ആറന്മുള, റാന്നി, തിരുവല്ല നിയമസഭ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളും ചേരുന്നതാണു പത്തനംതിട്ട ലോക്‌സഭ മണ്ഡലം. മണ്ഡലത്തിലെ ഏഴ് നിയമസഭ സീറ്റുകളും എല്‍ഡിഎഫിനാണ്. 2009 ലാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം രൂപീകൃതമായത്. അന്ന് മുതല്‍ യുഡിഎഫ് സ്ഥാനാർഥിയായി ആൻ്റോ ആൻ്റണിയാണ് ഇവിടെ വിജയിച്ചത്. എംപി എന്ന നിലയില്‍ മണ്ഡലത്തിൽ ആൻ്റോ നടത്തിയ പ്രവർത്തനങ്ങള്‍ ഇത്തവണയും വോട്ടായി മാറി എന്നാണ് യുഡിഎഫ് വിലയിരുത്തല്‍.
രണ്ട് കേന്ദ്രീയ വിദ്യാലയങ്ങള്‍, കോവിഡ് കാല പ്രവർത്തനങ്ങള്‍, എംപി ഫണ്ട് ഉപയോഗിച്ചു നടപ്പാക്കിയ വിവിധ പദ്ധതികള്‍ എന്നിവ ആൻ്റോയ്ക്കു വിജയം നേടി കൊടുത്തു എന്നാണ് യുഡിഎഫ് ക്യാമ്പിൻ്റെ വിലയിരുത്തൽ. ദേശീയപാത വികസനം, കേന്ദ്രീയ വിദ്യായലങ്ങളുടെ നിർമ്മാണം, റബർ കർഷകർക്കു വേണ്ടി പാർലമെൻ്റില്‍ ഇടപെട്ടത് എന്നിവയെല്ലാം ആൻ്റോ പ്രചാരണ വിഷയങ്ങളാക്കിയിരുന്നു.
കിഫ്ബി സാമ്പത്തിക ഇടപാട് കേസില്‍ എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ തുടർച്ചയായ നോട്ടീസുകള്‍ക്കിടയിലൂടെയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസകിൻ്റെ പ്രചാരണം. ഇത് എതിർ സ്ഥാനാർഥികൾ പ്രചാരണ ആയുധമാക്കി. അര ലക്ഷത്തോളം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എൽഡിഎഫ്.
Also Read:രാജ്‌മോഹൻ ഉണ്ണിത്താന് രണ്ടാമൂഴം; വീണ്ടും 'കൈ' ഉയര്‍ത്തി കാസര്‍കോട്