തിരുവനന്തപുരം:തലസ്ഥാനത്ത്9 സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ തള്ളി. സി.എസ്.ഐ മുൻ ബിഷപ്പ് ധർമരാജ രസാലത്തിന്‍റെ ഭാര്യ ഷേർളി ജോണിന്‍റെ നാമനിർദേശ പത്രിക ഉൾപ്പെടെയാണ് തള്ളിയത്. പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടന്നു വരികയാണ്. മതിയായ വിവരങ്ങൾ ഇല്ലാത്തതിന്‍റെ പേരിലാണ് ഷെര്‍ളി ജോണിന്‍റെ പത്രിക പരിശോധനയിൽ തള്ളിയത്. ഷേർളി ജോൺ സമർപ്പിച്ച നാമനിർദേശ പത്രികയിൽ ചില ഭാഗങ്ങൾ പൂരിപ്പിക്കാത്തതാണ് തള്ളാൻ കാരണമെന്നാണ് വിവരം.
32 സ്ഥാനാർഥികളായിരുന്നു തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാനായി നാമനിർദേശ പത്രിക നൽകിയത്. സഭാ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ഷേര്‍ളി ജോണിന്‍റെ സ്ഥാനാർഥിത്വമെന്നും, അതിന് പിന്നിൽ ബിജെപിയാണെന്നും ഇന്നലെ ഇടത് - വലത് മുന്നണികൾ ആരോപിച്ചിരുന്നു.
കാരക്കോണം മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് ബിഷപ്പ് ധർമരാജ രസാലത്തിനെ ഇഡി നേരത്തെ ചോദ്യം ചെയ്‌തിരുന്നു. ഈ കേസിൽ ഇഡിയുടെ അന്വേഷണം തുടരുന്നതിനിടെയാണ് ഭാര്യ ഷേർളി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ നാമനിർദേശ പത്രിക നൽകിയത്. സി.എസ്.ഐ ദക്ഷിണ മേഖല മഹായിടവകയിലെ മുൻ മോഡറേറ്ററായിരുന്നു ബിഷപ്പ് ധർമരാജ് രസാലം.