തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പിന് കഷ്‌ടിച്ച് നാല് ദിവസം മാത്രം ശേഷിക്കെ ക്രിസ്‌ത്യന്‍ സഭകളുടെ പരസ്യ പിന്തുണ സഥാനാര്‍ഥികളുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നു. ഇനിയും നിലയ്‌ക്കാതെ തുടരുന്ന മണിപ്പൂര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ക്രിസ്‌തീയ സമൂഹത്തിന്‍റെ പിന്തുണ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് കൂടുതല്‍ അനുകൂലമാകുക തങ്ങള്‍ക്കായിരിക്കുമെന്നാണ് യുഡിഎഫിന്‍റെ കണക്കു കൂട്ടല്‍.
രാഹുല്‍ ഗാന്ധിയുടെ കലാപബാധിത പ്രദേശ സന്ദര്‍ശനവും ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരില്‍ നിന്നാരംഭിച്ചതുമെല്ലാം യുഡിഎഫിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. എങ്കിലും ഇതിനകം ചില സഭകള്‍ പിന്തുണ പരസ്യമാക്കി കഴിഞ്ഞു. പരസ്യമായി ഒരു മുന്നണിക്ക് ഇതിനകം പിന്തുണ പ്രഖ്യാപിച്ച രംഗത്തു വന്നത് യാക്കോബായ സഭയാണ്.
ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്‌ക്കുമെന്ന് യാക്കോബായ സഭ മെത്രാപ്പൊലീത്ത ട്രസ്‌റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അറിയിച്ചു. സഭ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടലിന് തിരിച്ചുള്ള നന്ദി സൂചകമാണ് പിന്തുണയെന്നാണ് സഭയുടെ വിശദാകരണം. തീരുമാനം വിശ്വാസികള്‍ ശക്തമായി ഏറ്റെടുത്താല്‍ മധ്യ കേരളത്തില്‍ ഒരു പരിധിവരെ സഹായകമായേക്കും. കേരളത്തില്‍ ഏകദേശം 30 ലക്ഷത്തിലേറെ സഭ വിശ്വാസികളുണ്ടെന്നാണ് കണക്ക്.
അതേസമയം സഭ തര്‍ക്കത്തില്‍ യാക്കോബായ സഭയുമായി തര്‍ക്കത്തിലുള്ള ഓര്‍ത്തഡോക്‌സ് സഭ എല്ലാ മുന്നണികളോടും സമദൂരമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ മുന്നണികളോടും തുല്യ അകലം എന്നതാണ് തങ്ങളുടെ നിലപാടെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ അറിയിച്ചു. മുന്‍ തെരഞ്ഞെടുപ്പുകളിലും സഭയ്‌ക്ക് ഇതായിരുന്നു നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ സഭയ്ക്കും മധ്യ കേരളത്തില്‍ പ്രത്യേകിച്ചും കോട്ടയം, പത്തനതിട്ട, എറണാകുളം ജില്ലകളില്‍ വ്യക്തമായ സ്വാധീനമുണ്ട്. അതേസമയം കേരളത്തില്‍ തെക്കേയറ്റം മുതല്‍ ഏകദേശം തൃശൂര്‍ വരെ പ്രത്യേകിച്ചും തീരമേഖലയില്‍ പടര്‍ന്നു കിടക്കുന്ന ലത്തീന്‍ സഭയ്‌ക്ക് കേരളത്തില്‍ 12 രൂപതകളാണുള്ളത്. ഒരു രൂപതയ്‌ക്ക് കീഴില്‍ ഏകദേശം 3.5 ലക്ഷത്തോളം അംഗങ്ങളുണ്ടെന്ന് കണക്കാക്കുന്നു.
സഭ മുന്നണികള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിഴിഞ്ഞം സമരത്തിന് ശേഷം തങ്ങളുടെ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണുയര്‍ത്തി രംഗത്തുവന്നിരുന്നു. അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് നെറ്റോ തന്നെ ഇത്തരമൊരാരോപണുയര്‍ത്തി എന്നത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഭവത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പത്തെ ഞായറാഴ്‌ച സഭയുടെ പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തിലാണ് പരാമര്‍ശം.