ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫിനെ പിന്തുണച്ച് ഡിഎംകെ ഇടുക്കി: ലോക്‌സഭാ മണ്ഡലമായ ഇടുക്കിയില്‍ എൽഡിഎഫിനെ പിന്തുണച്ച് ഡിഎംകെ. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ പൂപ്പാറയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് എൽഡിഎഫിനെ പിന്തുണക്കുവാനുള്ള തീരുമാനം ഡിഎംകെ എടുത്തത്. എൽഡിഎഫ് നേതാക്കൾ സമീപിച്ചതിനെ തുടർന്നാണ് പിന്തുണക്കുന്നത് എന്നും ഡിഎംകെ നേതാക്കൾ വ്യക്‌തമാക്കി. എൽഡിഎഫിനൊപ്പം പ്രചരണ രംഗത്തും സജീവമായി പ്രവർത്തിക്കാനാണ് ഡിഎംകെയുടെ തീരുമാനം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ സംസ്ഥാന കമ്മിറ്റി പ്രസീഡിങ് പ്രസിഡന്‍റ് ജി. മോഹൻദാസ് പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ഇന്ത്യ മുന്നണി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇടുക്കിയിൽ എൽഡിഎഫ് നേതാക്കൾ പിന്തുണ ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചത് കൊണ്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നും മോഹൻദാസ് കൂട്ടിച്ചേര്‍ത്തു.
ഇടുക്കി ജില്ല കമ്മിറ്റിയുടെ തീരുമാനം ഡിഎംകെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എൽഡിഎഫിനെ പിന്തുണയ്ക്കുന്നതിൽ ഔദ്യോഗിക തീരുമാനം ഉണ്ടായതായും സംസ്ഥാന പ്രസീഡിങ് പ്രസിഡന്‍റ് പറഞ്ഞു. ഇടുക്കി ജില്ലയിൽ ഡിഎംകെയ്ക്ക് 22000 അംഗങ്ങളാണ് ഉള്ളതെന്ന് നേതൃത്വം വ്യക്തമാക്കുന്നു. അംഗത്വം എടുക്കാത്ത പ്രവർത്തകരെയും ചേർത്ത് ഒരു ലക്ഷത്തിനു മുകളിൽ അനുഭാവികൾ ഉണ്ടെന്നാണ് ഡിഎംകെ ജില്ല നേതൃത്വത്തിന്‍റെ അവകാശവാദം.
മുൻപ് ദേവികുളം മണ്ഡലത്തിൽ മത്സരിച്ച എഡിഎംകെ ഇത്തവണ ചിത്രത്തിൽ ഇല്ല. തമിഴ്‌നാട് ഘടകത്തിലെ പിളർപ്പാണ് എഡിഎംകെ ഇടുക്കി ജില്ല ഘടകത്തിനും തിരിച്ചടിയായത്. അതിർത്തി ഗ്രാമങ്ങളിലെ തമിഴ് വോട്ടുകൾ ശേഖരിക്കാൻ കഴിയും എന്നാണ് ഡിഎംകെ നേതാക്കളുടെ വിശ്വാസം. അടുത്ത ദിവസം മുതൽ എൽഡി എഫിനൊപ്പം പ്രചരണ രംഗത്തും സജീവമാകാനാണ് ഡിഎംകെയുടെ തീരുമാനം.
ALSO READ:എംഡിഎംകെയ്‌ക്ക് 'പമ്പരം' ചിഹ്നം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഡിഎംകെയുടെ ചിഹ്നത്തില്‍ മത്സരിക്കാന്‍ സമ്മര്‍ദം - MDMK Election Symbol