ഇടുക്കി:ഉടുമ്പൻചോല മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് 6760 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചതിന്‍റെ ഞെട്ടലിലാണ് സിപിഎമ്മും എൽഡിഎഫും. 2001 മുതൽ സിപിഎം സ്ഥാനാർഥികൾ മാത്രം ജയിച്ച നിയമസഭ മണ്ഡലമാണ് ഉടുമ്പൻചോല.
2021-ൽ 38305 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മുൻ വൈദ്യുത വകുപ്പ് മന്ത്രി കൂടിയായ എം എം മണി ഇവിടെ നിന്ന് വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിലെ ആകെയുള്ള പത്ത് പഞ്ചായത്തുകളിൽ ഒമ്പത് പഞ്ചായത്തുകളിലും എൽഡിഎഫ് ഭരണം നേടി. യുഡിഎഫ് ഭരണം നേടിയ കരുണാപുരം പഞ്ചായത്തിലും പിന്നീട് കോൺഗ്രസ് അംഗം കൂറുമാറിയതിനെ തുടർന്ന് എൽഡിഎഫിന് ഭരണം ലഭിച്ചു.
എംഎം മണി മന്ത്രിയായിരുന്ന കാലഘട്ടത്തിലും പിന്നീടും നിയോജകമണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഇത്തവണത്തെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് അനുകൂലമായി വരുമെന്നായിരുന്നു സിപിഎമ്മിന്‍റെ കണക്കുകൂട്ടൽ. എന്നാൽ സിപിഎം ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പെടെ വോട്ട് ചോർച്ച ഉണ്ടായി എന്നതാണ് ഇത്തവണത്തെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത. സിപിഎമ്മിന്‍റെ ശക്തി കേന്ദ്രങ്ങളായ ശാന്തൻപാറ, സേനാപതി, രാജാക്കാട്, നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളിൽ പാർട്ടി വോട്ടുകളിൽ ചോർച്ച ഉണ്ടായി എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
എംഎം മണി എംഎൽഎയുടെ വാർഡിലും യുഡിഎഫ് സ്ഥാനാർഥിക്ക് 15 വോട്ടിന്‍റെ ലീഡ് ലഭിച്ചു. ദേവികുളം മണ്ഡലത്തിലെ ബൈസൺവാലി പഞ്ചായത്തിൽ 169-ാം ബൂത്തിലാണ് എം എം മണിക്ക് വോട്ടുള്ളത്. കഴിഞ്ഞ പാർലമെന്‍റ്, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിച്ച ബൂത്ത് ആണിത്. ഇത്തവണ ഡീൻ കുര്യാക്കോസിന് 235 വോട്ടും എൽഡിഎഫ് സ്ഥാനാർഥി ജോയിസ് ജോർജിന് 220 വോട്ടും ലഭിച്ചു.
Also Read:ഇടതു കോട്ടകളിൽ വിള്ളൽ; നേട്ടം കൊയ്‌ത് രാജ്‌മോഹൻ ഉണ്ണിത്താൻ, ഞെട്ടൽ മാറാതെ സിപിഎം