കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവന് ജയം. 1,46,176 വോട്ടുകൾക്കാണ് എംകെ രാഘവൻ കോഴിക്കോട് മണ്ഡലം സ്വന്തമാക്കിയത്. ഇദ്ദേഹം ആകെ 5,20,421 വോട്ടുകൾ നേടി.
എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം 3,69,463 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാർഥി എംടി രമേശ് 1,78,474 വോട്ടുകൾ നേടി.
നിയമസഭയില്‍ ഇടതിനെയും ലോക്‌സഭയില്‍ യുഡിഎഫിനെയും പിന്തുണയ്ക്കുന്ന രീതിയാണ് കോഴിക്കോട് ഇതുവരെ കാഴ്‌ചവച്ചിട്ടുള്ളത്. ഈ ആത്മവിശ്വാസത്തോടെയാണ് എംകെ രാഘവന്‍ നാലാം വിജയം തേടി വീണ്ടും കോഴിക്കോട് ഇറങ്ങിയത്. ജനകീയനായ എംപി എന്ന പ്രതിച്ഛായ ഇത്തവണയും കോഴിക്കോടിന്‍റെ രാഘവേട്ടനെ തുണയ്ക്കും എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.
എന്നാല്‍ കോഴിക്കോടിന്‍റെ മുക്കും മൂലയും അറിയുന്ന തൊഴിലാളി നേതാവ്, എളമരം കരീമിനെയാണ് സിപിഎം കളത്തിലിറക്കിയത്. സമസ്‌തയുടെ ആശിർവാദത്തോടെ ന്യൂനപക്ഷ വോട്ടുകൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ലീഗ് വോട്ട് തന്നെ മറിയും എന്നായിരുന്നു ഇടത് പാളയത്തിന്‍റെ പ്രതീക്ഷ.
മോദിയുടെ ഗ്യാരന്‍റികളും വികസന നേട്ടങ്ങളും എണ്ണിപ്പറഞ്ഞ് എംടി രമേശും കളം നിറഞ്ഞിരുന്നു. 72.52 ശതമാനം പോളിങ്ങാണ് കോഴിക്കോട് മണ്ഡലത്തില്‍ ഇത്തവണ രേഖപ്പെടുത്തിയത്. 2019-ല്‍ ഇത് 81.31 ശതമാനമായിരുന്നു.