ഒരുക്കങ്ങളെക്കുറിച്ച് ജെറോമിക് ജോര്‍ജ് തിരുവനന്തപുരം : നാലാഴ്‌ചയോളം നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് ശേഷം നാളെ കേരളം പോളിങ്ങ് ബൂത്തിലേക്ക്. വിധിയെഴുത്തിന് ആവശ്യമായ പോളിങ്ങ് സാമഗ്രികള്‍ വിതരണം ചെയ്‌തുതുടങ്ങി. അവസാന മണിക്കൂറുകളിലും വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍.
2.77 കോടി വോട്ടര്‍മാരാകും ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് വോട്ട് ചെയ്യുക. രാജ്യവ്യാപകമായി 89 ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത്. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ വോട്ടിങ്ങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു.
രാവിലെ 8 മണിയോടെ വോട്ടിങ്ങ് സാമഗ്രികള്‍ വിതരണം ചെയ്‌ത് തുടങ്ങി. വോട്ടിങ്ങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ഇന്ന് രാത്രിയോടെ പോളിങ്ങ് ബൂത്തുകള്‍ സജ്ജീകരിക്കണം. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ 1307 പോളിങ്ങ് ബൂത്തുകളും ആറ്റിങ്ങലില്‍ 1423 പോളിങ്ങ് ബൂത്തുകളുമാണുള്ളത്.
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ വോട്ടിങ്ങ് സാമഗ്രികളുടെ വിതരണം പ്രധാന വിതരണ കേന്ദ്രമായ പട്ടം സെന്‍റ് മേരീസ് സ്‌കൂളില്‍ കലക്‌ടര്‍ ജെറോമിക് ജോര്‍ജ് നേരിട്ടെത്തി വിലയിരുത്തി. പൊലീസിനൊടൊപ്പം കേന്ദ്ര സേനയും തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാനെത്തിയിട്ടുണ്ട്. നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
പോളിങ്ങ് പൂര്‍ത്തിയായ ശേഷം തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജിലെത്തിക്കും. തുടര്‍ന്ന് വരണാധികാരി കൂടിയായ ജില്ല കലക്‌ടര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കേന്ദ്ര സേന, കേരള പൊലീസ് എന്നിവരുടെ സാന്നിധ്യത്തില്‍ അതാത് മണ്ഡലങ്ങളിലെ മെഷീനുകള്‍ സീല്‍ ചെയ്‌ത് സ്‌ട്രോങ്ങ്റൂമില്‍ സൂക്ഷിക്കും. തുടര്‍ന്ന് ജൂണ്‍ 4 ന് വോട്ടെടുപ്പ് ദിനം വരെ കനത്ത സുരക്ഷയൊരുക്കും. മാര്‍ ഇവാനിയോസ് കോളജില്‍ ഇതിനായി കേന്ദ്രീകൃത സിസിടിവി സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ആറ്റിങ്ങലില്‍ ഇരട്ട വോട്ടില്ലെന്ന് ജില്ല കലക്‌ടര്‍ :ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്‍റെ ഇരട്ട വോട്ട് ആരോപണം തള്ളി ജില്ല കലക്‌ടറും വരണാധികാരിയുമായ ജെറോമിക് ജോര്‍ജ്. സ്ഥലം മാറിപ്പോയവരുടെ വോട്ടാണ് ആറ്റിങ്ങലിലുള്ളത്. ഇത് 0.1 ശതമാനം മാത്രമാണെന്നും ജെറോമിക് ജോര്‍ജ് പറഞ്ഞു.
വോട്ടിങ്ങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ പട്ടം സെന്‍റ് മേരീസ് സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കലക്‌ടര്‍. ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ ഒന്നര ലക്ഷത്തിലധികം ഇരട്ട വോട്ടുള്ളതായാണ് യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് ആരോപിച്ചിരുന്നത്.