എറണാകുളം:എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥി ഹൈബി ഈഡന് ഇന്ന് പിറന്നാൾ. 1983 ഏപ്രിൽ 19-ന് കോൺഗ്രസ് നേതാവ് ജോർജ് ഈഡൻ്റെയും റാണി ഈഡൻ്റെയും മകനായാണ് ഹൈബിയുടെ ജനനം. തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടെയാണ് ഇത്തവണ ഹൈബിയുടെ പിറന്നാള്‍. നാൽപ്പത്തിയൊന്നുകാരനായ ഹൈബി ഇത് രണ്ടാം തവണയാണ് പാർലമെൻ്റിലേക്ക് ജനവിധി തേടുന്നത്.
കെഎസ്‌യുവിലൂടെ പിതാവിൻ്റെ വഴിയിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായ ഹൈബി, തൻ്റെ ഇരുപത്തിയെട്ടാമത്തെ വയസിൽ നിയമസഭയിൽ എറണാകുളത്തെ പ്രതിനിധീകരിച്ചാണ് പാർലമെൻ്ററി രംഗത്ത് സജീവമായത്. 2019 ൽ സിറ്റിങ് എംപി കെ വി തോമസിനെ മാറ്റിയായിരുന്നു ഹൈബിക്ക് കോൺഗ്രസ് സീറ്റ് നൽകിയത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
എന്നാൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ അന്ന് സിപിഎം ജില്ല സെക്രട്ടറിയായിരുന്ന ഇന്നത്തെ മന്ത്രി പി രാജീവിനെ തോൽപ്പിക്കുകയായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ എത്തിയ ഹൈബിയുടെ ജന്മദിനം കോൺഗ്രസ് പ്രവർത്തകർ ആഘോഷമാക്കി. അതിരാവിലെ പറവൂർ കുത്തിയതോട് പ്രദേശത്ത് വെച്ച് കേക്ക് മുറിച്ചായിരുന്നു ഇന്നത്തെ പ്രചരണം തുടങ്ങിയത്.
ഹൈബിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവമായ സഹധർമ്മിണി അന്നയും മകൾ ക്ലാരയും പിറന്നാൾ സമ്മാനമായി നൽകിയത് ഇരുവരും ചേർന്ന് തയ്യാറാക്കിയ സംഗീത ആൽബമായിരുന്നു. ഹൈബി ഇത് സമൂഹ മാധ്യമത്തിൽ ഹൃദ്യമായ കുറിപ്പോടെ പങ്കുവെക്കുകയും ചെയ്‌തു."ക്ലാരയുടെയും അന്നയുടെയും ഒരു പിറന്നാൾ സംഗീത സമ്മാനം. അവരുടെ ഹൃദയത്തിൽ നിന്ന് എന്‍റതിലേക്കും നിങ്ങളിലേക്കും.