പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധനയില്‍ അധികമായി സ്ലിപ്പ് ലഭിച്ചത് പിഴവ് മൂലമല്ലെന്ന് വരണാധികാരിയും ജില്ല കളക്‌ടറുമായ എസ് പ്രേം കൃഷ്‌ണന്‍ പറഞ്ഞു. മണ്ഡലത്തില്‍ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളജില്‍ ഏപ്രില്‍ 17 ന് നടന്ന ഇവിഎം കമ്മീഷനിങിലാണ് അധിക വോട്ട് രേഖപ്പെടുത്തിയതായി പരാതി ലഭിച്ചത്. സാങ്കേതിക തകരാര്‍ ഇല്ലാത്ത വോട്ടിങ് യന്ത്രങ്ങളാണ് ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കളക്‌ടർ അറിയിച്ചു.
36-ാം നമ്പര്‍ ബൂത്തിലേക്ക് നല്‍കാനുള്ള ഒരു വോട്ടിങ് മെഷീനില്‍ ടെക്‌നീഷ്യന്മാര്‍ ചിഹ്നം ലോഡ് ചെയ്‌ത് ടെസ്‌റ്റ് പ്രിന്‍റ് നല്‍കിയപ്പോള്‍ മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും പേര് പ്രിന്‍റ് ചെയ്‌ത് വരുന്നതിന് കൂടുതല്‍ സമയം എടുക്കുന്നതിനാലും പേപ്പര്‍ കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നതിനാലും ടെസ്‌റ്റ് പ്രിന്‍റ് തുടങ്ങിയ ഉടന്‍ ടെക്‌നീഷ്യന്‍ ഇവിഎം സ്വിച്ച് ഓഫ് ചെയ്‌തു. ഈ സമയം ബാലറ്റിലെ ആദ്യ സ്ഥാനാര്‍ഥിയായ ബിജെപി സ്ഥാനാര്‍ഥിയുടെ ചിഹ്നം പ്രിന്‍റ് ചെയ്‌തു തുടങ്ങിയിരുന്നു.
എന്നാല്‍ പെട്ടെന്ന് മെഷീന്‍ സ്വിച്ച് ഓഫ് ചെയ്‌തതിനാല്‍ സ്ലിപ്പ് കട്ട് ചെയ്‌തു വീണില്ല. തുടര്‍ന്ന് ഒന്‍പത് വോട്ടുകള്‍ മോക്ക്‌പോള്‍ നടത്തിയപ്പോള്‍ ഒന്‍പത് പേപ്പര്‍ സ്ലിപ്പിനോടൊപ്പം ആദ്യത്തെ ടെസ്‌റ്റ് പ്രിന്‍റിന്‍റെ പേപ്പര്‍ സ്ലിപ്പ് കട്ട് ചെയ്‌ത് വിവിപാറ്റിന്‍റെ ട്രേയില്‍ വീണിരുന്നു. ഈ ടെസ്‌റ്റ് ബാലറ്റില്‍ നോട്ട് ടു ബി കൗണ്ടട് എന്ന് വ്യക്തമായി രേഖപ്പെടുത്തിരുന്നു.