ആംബുലന്‍സിലെത്തി വോട്ട് ചെയ്‌ത് മുൻ ഗ്രാമ പഞ്ചായത്തംഗം കൊല്ലം:അവശതയെ അവഗണിച്ച് ആംബുലൻസിലെത്തി വോട്ട് ചെയ്‌ത് മുൻ ഗ്രാമ പഞ്ചായത്തംഗം. ചവറ നീണ്ടകര സ്വദേശി സുരേന്ദ്രനാണ് ഒടിഞ്ഞകാലുമായി വോട്ട് ചെയ്യാൻ എത്തിയത്. രണ്ട് ദിവസം മുമ്പാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ ബൈക്കിൽ നിന്ന് വീണ് സുരേന്ദ്രന് പരിക്കേറ്റത്.
ഒടിഞ്ഞ കാലിലെ പരിക്ക് ഭേദമാകാൻ പൂർണ്ണ വിശ്രമം ഡോക്‌ടർ നിർദേശിച്ചു. എന്നാല്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ നീണ്ടകര മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുരേന്ദ്രന് പക്ഷേ അങ്ങനെയങ് വിശ്രമിക്കാൻ ആകുമായിരുന്നില്ല. ബൂത്തിന്‍റെ ചുമതല കൂടിയുള്ള സുരേന്ദ്രൻ വിശ്രമത്തിനിടയിലും ഫോണിലൂടെയും മറ്റും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വ്യാപൃതനായി.
ഒടുവിൽ പാർട്ടി പ്രവർത്തകർ സജ്ജീകരിച്ച ആംബുലൻസിൽ നീണ്ടകര സെന്‍റ് സെബാസ്‌റ്റ്യൻസ് സ്‌കൂളിലെ 127-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഒറ്റ കിടപ്പിൽ ആയതിനാൽ വോട്ട് കുത്താൻ സാധിക്കാത്തത് കൊണ്ട് ഭാര്യയാണ് വോട്ട് ചെയ്‌തത്. ഈ സാഹചര്യത്തിൽ ഇത്രയും റിസ്‌ക് എടുത്ത് വോട്ട് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഈ നിർണായക ഘട്ടത്തില്‍ ഇടത് പക്ഷത്തിനായി വോട്ട് ചെയ്‌തില്ലെങ്കിൽ പിന്നെ എപ്പോൾ ചെയ്യുമെന്നായിരുന്നു സുരേന്ദ്രന്‍ നല്‍കിയ മറുപടി.
പ്രായമേറിയവരും പരിക്കേറ്റവരുമൊക്കെയായി സുരേന്ദ്രനെ പോലെ നിരവധി പേരാണ് സമ്മതിദാന അവകാശം വിനിയോഗിക്കാൻ ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തിയത്. ജനാധിപത്യത്തിലുള്ള വിശ്വാസത്തിന്‍റെ നല്ല മാതൃകകൾ കൂടിയാണ് ഈ കാഴ്‌ചകള്‍.
Also Read :ഇടമലക്കുടി ട്രൈബൽ സ്‌കൂളിൽ വോട്ടിങ് പുരോഗമിക്കുന്നു - Lok Sabha Election Edamalakkudy