എറണാകുളം : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള ലോക്‌സഭ മണ്ഡലമായ എറണാകുളം ലോക്‌സഭ മണ്ഡലത്തിൽ പ്രചാരണ കാലയളവിൽ പ്രകടമായ നിരുത്സാഹം വോട്ടെടുപ്പിലും നന്നായി പ്രതിഫലിച്ചു. കഴിഞ്ഞ ലോക്‌സഭ തെരെഞ്ഞെടുപ്പിൽ 77.63 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണയാകട്ടെ 68.27 ശതമാനം വോട്ടാണ് പോൾ ചെയ്‌തത്. അന്തിമ കണക്കിൽ ചെറിയ മാറ്റം വരാമെങ്കിലും 9.36 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായത്.
എറണാകുളം മണ്ഡലത്തിൽ വോട്ടിങ് ശതമാനം കുറഞ്ഞ കാലങ്ങളിലെല്ലാം അത് യുഡിഎഫ് ഭൂരിപക്ഷത്തെയാണ് ബാധിച്ചത്. ഇത്തവണയും ഇത് തന്നെ സംഭവിക്കാനാണ് സാധ്യത. ഹൈബിയുടെ ഭൂരിപക്ഷം വലിയ തോതിൽ കുറയുമെന്നാണ് ഇടത് മുന്നണി പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതൊരു അട്ടിമറി വിജയത്തിലേക്ക് നയിക്കുമെന്നും അവരും അവകാശപ്പെടുന്നില്ല.
കോൺഗ്രസ് ഇപ്പോഴും തങ്ങൾ വൻ വിജയം നേടുമെന്നാണ് അവകാശപ്പെടുന്നത്. അതേ സമയം സ്ഥാനാർഥിയായ ഹൈബി ഈഡൻ പറയുന്നത് കഴിഞ്ഞ തവണ നേടിയതിനേക്കാൾ ഭൂരിപക്ഷം നേടി ചരിത്ര വിജയം ആവർത്തിക്കുമെന്നാണ്. വോട്ടിങ് ശതമാനത്തിൽ കുറവ് ഉണ്ടായെങ്കിലും പോൾ ചെയ്‌ത വോട്ടിൽ വലിയ കുറവ് ഉണ്ടായിട്ടില്ല. മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണത്തിലുണ്ടായ വർധന പോളിങ്ങിൽ പ്രതിഫലിച്ചിട്ടില്ലന്ന് അദ്ദേഹവും സമ്മതിക്കുന്നു.
ഇടത് വലത് മുന്നണികൾ, ഒപ്പം എൻഡിഎ, ട്വൻ്റി ട്വൻ്റി സ്ഥാനാർഥികളും സജീവമായി മത്സര രംഗത്തുണ്ടായെങ്കിലും ഇതും വോട്ടുയർത്തിയില്ലന്നാണ് പോളിങ് ശതമാനം തെളിയിക്കുന്നത്. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ ധാരാളമുള്ള മണ്ഡലത്തിൽ മമ്മൂട്ടി ഉൾപ്പടെ വോട്ട് രേഖപ്പെടുത്തുകയും, വോട്ട് ചെയ്യേണ്ടതിൻ്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്ന മെസേജ് നൽകുകയും ചെയ്‌തെങ്കിലും പോളിങ് ഉയരാത്തത് രാഷ്ട്രീയ പാർട്ടികൾ ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്.
കാക്കനാട് ഇൻഫോപാർക്കിൽ ഉൾപ്പടെ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ ലക്ഷ്യമിട്ടുള്ള പ്രചാരണ പ്രവർത്തനങ്ങളും സ്ഥാനാർഥികൾ നടത്തിയിരുന്നു. പ്രൊഫഷണലുകൾ എത്രമാത്രം വോട്ട് ചെയ്യാനെത്തിയെന്നതും ബൂത്തുകൾ തിരിച്ചുള്ള കണക്കുകളിൽ നിന്ന് മാത്രമേ വ്യക്തമാവുകയുള്ളൂ.
ലത്തീൻ കത്തോലിക്ക സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ സഭയുടെ വോട്ട് ഇത്തവണയും തങ്ങൾക്ക് തന്നെ ലഭിച്ചുവെന്നാണ് കോൺഗ്രസ് ഉറപ്പിക്കുന്നത്. വോട്ടെടുപ്പ് ദിവസം എറണാകുളം സെൻ്റ് മേരീസ് സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ മേജർ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിലിൻ്റെ ഇരു വശവും ഉണ്ടായിരുന്നത് ഇടത് വലത് മുന്നണി സ്ഥാനാർഥികളായ കെ ജെ ഷൈനും ഹൈബി ഈഡനുമായിരുന്നു. ഇരുവരും ലത്തീൻ സമുദായ അംഗങ്ങൾ കൂടിയാണ്. 2019ൽ സാമുദായിക പരിഗണനകൾ നൽകാതെ എറണാകുളത്തെ ഏറ്റവും പ്രമുഖനായ സിപിഎം നേതാവ് പി രാജീവിനെ തന്നെ രംഗത്തിറക്കിയെങ്കിലും ദയനീയമായി പരാജയപ്പെട്ടതോടെയാണ് ലത്തീൻ സമുദായത്തിൽ നിന്ന് തന്നെ ഇടത് മുന്നണിയും സ്ഥാനാർഥിയെ നിർത്തിയത്.
ഹൈബി ഈഡൻ 1.69 ലക്ഷം വോട്ടിൻ്റെ റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു 2019-ൽ വിജയിച്ചത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പോളിങ് ശതമാനത്തിലെ കുറവ് കെ ജെ ഷൈൻ നേടുന്ന വോട്ടുകൾക്ക് പുറമെ എൻഡിഎ, ട്വൻ്റി ട്വൻ്റി സ്ഥാനാർഥികൾ നേടുന്ന വോട്ടുകൾ യുഡിഎഫിൻ്റെ വോട്ട് ബാങ്കിൽ തന്നെയാണ് കാര്യമായി പ്രതിഫലിക്കുക.
എറണാകുളം സ്വദേശിയും മണ്ഡലത്തില്‍ വിപുലമായ വ്യക്തി ബന്ധങ്ങളുള്ള കെഎസ് രാധാകൃഷ്‌ണൻ കഴിഞ്ഞ തവണ അൽഫോൺസ് നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ നേടുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കൊച്ചി നഗരം ഉൾക്കൊള്ളുന്ന എറണാകുളം മണ്ഡലത്തിലാണ് ഏറ്റവും കുറവ് സംഭവിച്ചത്. ഇത് വോട്ട് വർധിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് തിരിച്ചടിയാകാനും സാധ്യതയുണ്ട്.
അതേ സമയം വോട്ടിങ് ശതമാനത്തിലെ കുറവ് ഉൾപ്പടെ മുന്നണികൾ തങ്ങൾക്ക് അനുകൂലമെന്ന് വ്യഖ്യാനിച്ച് വോട്ടണ്ണൽ ദിനമായ ജൂൺ നാല് വരെ ചർച്ചകൾ തുടർന്ന് കൊണ്ടേയിരിക്കും. ഇന്നലെ പോളിങ്ങിന് ശേഷം വോട്ടിങ് മെഷീനുകൾ എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കൊച്ചി സർവകലാശാലയിലെ സ്ട്രോങ് റൂമിലേക്ക് മാറ്റി. ഇത് സായുധ കേന്ദ്ര സേനയുടെ സുരക്ഷിയിലാണ് സൂക്ഷിക്കുന്നത്.
Also Read :'71 കുറഞ്ഞ ശതമാനമല്ല': കേരളത്തിൽ പോളിങ് കുറഞ്ഞുവെന്ന ആരോപണം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Sanjay Kaul On Polling Percentage