കോഴിക്കോട് :കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ക്രമീകരിക്കാന്‍ നടപടിയുമായി ഇകെ വിഭാഗം സമസ്ത. ജുമുഅ നമസ്കാരത്തിന്റെ പേരില്‍ വോട്ടെടുപ്പില്‍ നിന്ന് ആരും വിട്ടുനില്‍ക്കാതിരിക്കാനാണ് സമസ്തയുടെ ഇടപെടല്‍. ജുമുഅ നമസ്കാരം നടക്കുന്ന വെളളിയാഴ്ചയില് നിന്നും വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇകെ വിഭാഗം സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു.
വോട്ടെടുപ്പ് ദിവസം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തയ്യാറാകാതെ വന്നതോടെയാണ് ജുമുഅ നമസ്കാരത്തിന് പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഇകെ വിഭാഗം സമസ്ത മുന്‍കയ്യെടുത്തിരിക്കുന്നത്. സംഘടനക്ക് കീഴിലുള്ള മുഴുവന്‍ പള്ളികളിലും നമസ്കാര സമയം ക്രമീകരിക്കാനുള്ള നിര്‍ദേശം നേതൃത്വം മഹല്ലുകള്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ ഭൂരിഭാഗം പള്ളികളിലും ഏതാണ്ട് ഒരേ സമയത്താണ് നമസ്കാരം ഉള്‍പ്പെടെ നടക്കുന്നത്.