തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ കേസെടുത്ത് പൊലീസ്. മത സംഘടനകൾക്ക് പണം നൽകി ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വോട്ടു പിടിക്കുന്നതായി ചാനൽ അഭിമുഖത്തിൽ ശശി തരൂർ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
തിരുവനന്തപുരം സൈബർ പൊലീസാണ് തരൂരിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. സംഭവത്തിൽ ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷനും താക്കീത് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണ് ആരോപണമെന്നും ഉന്നയിച്ച ആരോപണത്തിന് തെളിവ് സമർപ്പിക്കാൻ ആയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തിയിരുന്നു.