തിരുവനന്തപുരം: പാലക്കാട് ഡിവിഷനിലെ ലോക്കോ റണ്ണിംഗ് ജീവനക്കാരുടെ നിരന്തരമായ സമരത്തിൽ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള സർക്കാർ. റെയിൽവേ സംവിധാനത്തിന്‍റെ സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും മുൻഗണന നൽകണമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്‍റെ (എഐഎൽആർഎസ്എ) ബാനറിന് കീഴിലുള്ള ലോക്കോ പൈലറ്റുമാരുടെ ഒരു വിഭാഗം ജൂൺ 1 മുതലാണ് നിലവിലുള്ള 30 മണിക്കൂറിന് പകരം 46 മണിക്കൂർ വിശ്രമം ആവശ്യപ്പെട്ട് പണിമുടക്കുന്നത്.
ലോക്കോ റണ്ണിംഗ് ജീവനക്കാരുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് വിഷയത്തില്‍ ഇടപെടലുണ്ടാവണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തൊഴിൽ, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വെള്ളിയാഴ്‌ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് കത്തയച്ചിരുന്നു. റെയിൽവേ നിയമവും ചട്ടങ്ങളും അനുസരിച്ച് പ്രതിവാര വിശ്രമത്തോടൊപ്പം ദൈനംദിന വിശ്രമവും നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമായി പറയുന്ന സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ, കർണാടക ഹൈക്കോടതി വിധികളോടുള്ള പ്രതികരണമാണ് സമരമെന്ന് ശിവൻകുട്ടി കത്തിൽ ചൂണ്ടിക്കാട്ടി.
ഈ ജുഡീഷ്യൽ വിധികൾ ഉണ്ടായിരുന്നിട്ടും, ട്രെയിൻ ഗതാഗതത്തെ ബാധിക്കാത്ത സാഹചര്യങ്ങളിൽപ്പോലും ലോക്കോ റണ്ണിംഗ് ജീവനക്കാർക്ക് നിയമാനുസൃതമായ വിശ്രമം അനുവദിക്കാതിരിക്കുന്നതില്‍ അധികാരികൾ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.