കാസര്‍കോട്: വെള്ളരിക്കുണ്ട് പുങ്ങൻചാലിൽ തമ്മിലടിച്ച് നാട്ടുകാര്‍. വഴിപ്രശ്‌നത്തിലാണ് നാട്ടുകാർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. സ്‌ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം രണ്ട് ചേരിയായി തിരിഞ്ഞാണ് നടുറോഡില്‍ ഏറ്റുമുട്ടിയത്.
ഇന്നലെയാണ് (ഡിസംബർ 14) സംഭവം. വെള്ളരിക്കുണ്ട് പുങ്ങൻചാലിൽ റോഡ് നവീകരണത്തെ ചൊല്ലിയാണ് വാക്ക് തർക്കം ഉടലെടുത്തത്. റോഡിനായി സ്വകാര്യ വ്യക്തി വിട്ടുകൊടുത്ത സ്ഥലത്ത് നാട്ടുകാർ മണ്ണിടുന്നത് പുങ്ങൻച്ചാൽ സ്വദേശി മധു സൂദനനും കുടുംബവും തടഞ്ഞു. തുടർന്ന് ആളുകൾ സംഘടിച്ച് എത്തിയതോടെ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. വഴി സംബന്ധിച്ച് നേരത്തെയും തർക്കം നിലനിന്നിരുന്നു. കോടതി ഇടപെട്ട് റോഡിലെ അറ്റകുറ്റപ്പണികൾ നടത്താനുള്ള അനുമതിയും നൽകി.