തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നേറ്റം; എല്‍ഡിഎഫില്‍ നിന്ന് 7 സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു, ബിജെപിക്ക് ഒരിടത്തും വിജയിക്കാനായില്ല - LOCAL BODY BYE ELECTION RESULT 2025
എല്‍ഡിഎഫിന് 17 സീറ്റും യുഡിഎഫ് 12 സീറ്റുമാണ് ലഭിച്ചത്. എസ്‌ഡിപിഐക്ക് ഒരു സീറ്റും ലഭിച്ചു. ബിജെപി ഒരിടത്തും വിജയിച്ചില്ല.
തിരുവനന്തപുരം: തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന അവസാന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫ് മുന്നേറ്റം. തെരഞ്ഞെടുപ്പിന് മുന്‍പ് ഏഴ് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന യുഡിഎഫിൻ്റെ അംഗസംഖ്യ ഇതോടെ പന്ത്രണ്ടിലേക്കുയര്‍ന്നു. 21 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് 17ലേക്ക് താണു. കാസര്‍കോട് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോലിക്കുന്ന്, കയ്യൂര്‍ - ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ എന്നീ വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതുള്‍പ്പെടെ എല്‍ഡിഎഫിന് ആകെ 17 സീറ്റുകളും യുഡിഎഫിന് 12 സീറ്റുകളും എസ്‌ഡിപിഐക്ക് ഒരു സീറ്റും ലഭിച്ചു.
ബിജെപിക്ക് ഉപതെരഞ്ഞെടുപ്പില്‍ ഒരിടത്തും വിജയിക്കാനായില്ല. ഈ വര്‍ഷം തദ്ദേശഭരണ പൊതു തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കുന്നതിനാല്‍ ഇനി ഉപതെരഞ്ഞെടുപ്പുണ്ടാകാനിടയില്ല. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രീവരാഹം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ വെറും 12 വോട്ടിന് തോല്‍പ്പിച്ചാണ് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തിയത്. 2020ലെ തെരഞ്ഞെടുപ്പിനെക്കാള്‍ 89 വോട്ടുകള്‍ ബിജെപി അധികം നേടി. ഇവിടെ എല്‍ഡിഎഫിന് 101 വോട്ടുകള്‍ കുറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വെറും 277 വോട്ട് മാത്രമാണ് ലഭിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 408ല്‍ നിന്നാണ് യുഡിഎഫ് ഇവിടെ നിരാശാജനകമായ ദയനീയ പ്രകടനവുമായി മൂന്നാമതെത്തിയത്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ 13-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്, എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച അംഗം എല്‍ഡിഎഫിലേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗത്തെ അയോഗ്യയാക്കിയിരുന്നു. അതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.