തൃശൂര്‍ :ഇലക്ട്രിക് സ്‌കൂട്ടറിൽ മദ്യവിൽപ്പന നടത്തിയതിന് പിടകൂടാനെത്തിയ എക്സൈസുകാരെ വളര്‍ത്തു നായയെ അഴിച്ചുവിട്ട് ആക്രമണം നടത്തി പ്രതി രക്ഷപ്പെട്ടു. രക്ഷപ്പെട്ട പ്രതിയുടെ വീട്ടില്‍ നിന്നും വില്‍പനയ്ക്ക് സൂക്ഷിച്ച 52 കുപ്പി മദ്യവും മദ്യവില്‍പനയ്ക്ക് ഉപയോഗിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറും പിടികൂടി. കൊടുങ്ങല്ലൂർ നാരായണാമംഗലം പാറക്കൽ വീട്ടിൽ നിധിനാണ് (28) ആണ് പ്രതി.
മദ്യവില്‍പ്പന പിടികൂടാനെത്തി; എക്സൈസിന് നേരെ വളര്‍ത്തു നായയെ അഴിച്ചുവിട്ട് പ്രതി രക്ഷപ്പെട്ടു - എക്സൈസിന് നേരെ നായയെ അഴിച്ചുവിട്ടു
സംഭവം ഇലക്ട്രിക് സ്‌കൂട്ടറിൽ അനധികൃത മദ്യവിൽപ്പന നടത്തിയതിന് പിടകൂടാനെത്തിയപ്പോൾ
Published : Mar 1, 2024, 10:37 PM IST
എക്സൈസ് സംഘത്തെ കണ്ടയുടനെ നിധിൻ വളര്‍ത്തു നായയെ അഴിച്ചുവിടുകയായിരുന്നു. വളര്‍ത്തു നായയുടെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് എക്സൈസ് സംഘം രക്ഷപ്പെട്ടത്. നായയെ സ്ഥലത്തുനിന്ന് ഓടിച്ചശേഷം പ്രതിയുടെ വീട്ടില്‍ എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു.
എക്‌സൈസ് കൊടുങ്ങല്ലൂർ റേഞ്ച് ഇൻസ്‌പെക്‌ടർ എം. ഷാംനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. നിധിനെതിരെ നിരന്തരം പരാതി ലഭിച്ചിരുന്നതായും ഇയാളെ മുൻപ് അമിതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും എക്‌സൈസ് പറഞ്ഞു. ഒന്നാം തീയതിയിലും മറ്റു ഡ്രൈഡേ ദിവസങ്ങളിലും അനധികൃത വിൽപന നടത്തുകയായിരുന്നു പ്രതിയെന്ന് എക്സൈസ് സംഘം അറിയിച്ചു. രക്ഷപ്പെട്ട നിധിനെ പിടികൂടാനുള്ള അന്വേഷണവും ആരംഭിച്ചു.