പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും പാര്‍ട്ടി ദേശീയ സെക്രട്ടറിയുമായ അനിൽ ആന്‍റണിക്കെതിരെ മാനനഷ്‌ടത്തിന് വക്കീൽ നോട്ടിസ്. കേസ് കൊടുക്കുന്നതിന് മുന്നോടിയായിട്ടാണ് ആലപ്പുഴ ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം സജീവ് ജനാർദനൻ നോട്ടിസ് അയച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ നേതാക്കളും പ്രവർത്തകരും ഇവിടുത്തെ പാർട്ടി പണി നിർത്തി പാകിസ്‌താനിലേക്ക് പോകണമെന്ന അനിൽ ആന്‍റണിയുടെ പ്രസ്‌താവനക്കെതിരെയാണ് നടപടി.
അനിൽ ആന്‍റണിയുടെ പ്രസ്‌താവന കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ആത്‌മാഭിമാനത്തിന് മുറിവേൽപിച്ചെന്ന് നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് നേതാക്കൾ ബിജെപിക്കെതിരെ തെരുവുനായ്‌ക്കളെപ്പോലെ കുരക്കുകയാണെന്നും അനിൽ ആന്‍റണി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷമുള്ള ഈ ആക്ഷേപ പ്രസ്‌താവനകൾ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും സജീവ് വ്യക്തമാക്കിയിട്ടുണ്ട്.