തിരുവനന്തപുരം :പൗരത്വ നിയമത്തിനെതിരെ കക്ഷി ഭേദമില്ലാതെ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബഹുജന റാലി നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുസ്ലിം ലീഗിനെ ക്ഷണിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആരെയും പ്രത്യേകമായി ക്ഷണിക്കില്ലെന്നും ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആർക്കുവേണമെങ്കിലും അണിചേരാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ബിജെപിയും കോൺഗ്രസും പൗരത്വ നിയമം നടപ്പിലാക്കാതിരിക്കാൻ കഴിയില്ലെന്ന് ഒരുപോലെ പറയുന്നു. ഇരുവരും ഒരേ തൂവൽ പക്ഷികളാണ്. കോൺഗ്രസ് നേതാക്കളുടെ ബിജെപി കൂറുമാറ്റം പേടിപ്പിക്കുന്നതാണെന്നാണ് സുപ്രഭാതം ദിനപത്രത്തിന്‍റെ മുഖപ്രസംഗം. കോൺഗ്രസ് നേരിടുന്ന അപചയത്തിന്‍റെ ഫലമാണിതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിന്‍റെ ഭാഗമായി നിൽക്കുന്ന കക്ഷികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയുന്നില്ല. കള്ളപ്പണം ഉപയോഗിച്ചാണ് ബിജെപി സീറ്റുകള്‍ നേടുന്നത്.
കോൺഗ്രസും ഇലക്‌ടറൽ ബോണ്ട് പണം കീശയിലിട്ട് നടക്കുകയാണ്. ആലപ്പുഴയിൽ കെ സി വേണുഗോപാൽ ജയിക്കില്ല. അതിനാല്‍ കോൺഗ്രസിന്‍റെ രാജ്യസഭാസീറ്റ് നഷ്‌ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. അത് നഷ്‌ടപ്പെട്ടാലും കുഴപ്പമില്ലെന്നാണ് കോൺഗ്രസ് നിലപാട്. കോൺഗ്രസിനെ നയിക്കാൻ ആരുമില്ലാതെ ഗതികേടിലാണ് ആ പാർട്ടി.