മലപ്പുറം:ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്‌ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചതോടെയാണ് എല്‍ഡിഎഫ് ഭരണം വീണത്. ഇരുമുന്നണികള്‍ക്കും തുല്യശക്തിയായിരുന്ന ഭരണസമിതിയില്‍ വൈസ് പ്രസിഡന്‍റ് നുസൈബ സുധീർ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
ടിഎംസി നിലമ്പൂർ മണ്ഡലം കൺവീനറുടെ ഭാര്യയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന നുസൈബ. ഒമ്പതിനെതിരെ 11 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്. അതേസമയം പിവി അന്‍വര്‍ ഇടപെട്ടാണ് വൈസ് പ്രസിഡന്‍റായ നുസൈബ സുധീറിനെ കൂറുമാറ്റിയതെന്ന് സിപിഎം ആരോപിച്ചു. പൊലീസ് സുരക്ഷയിലാണ് അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്.
അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പായി ചുങ്കത്തറയില്‍ എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതേത്തുടര്‍ന്ന് പൊലീസ് ലാത്തിവീശിയിരുന്നു. പിവി അന്‍വര്‍, കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ ഷൗക്കത്ത്, വിഎസ് ജോയ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംഘർഷം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നു.
അവിശ്വാസപ്രമേയം പടിവാതില്‍ക്കലെത്തി നില്‍ക്കെ വൈസ് പ്രസിഡന്‍റ് നുസൈബ സുധീറിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഭാര്യ തന്‍റെ ഒപ്പം ഉണ്ടെന്നും കാണാനില്ലെന്ന വാര്‍ത്ത ശരിയല്ലെന്നുമാണ് ഭര്‍ത്താവും തൃണമൂല്‍ കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജകമണ്ഡലം ചെയര്‍മാനുമായ സുധീര്‍ പുന്നപ്പാല പറഞ്ഞു.
അന്‍വറിന്‍റെ വിശ്വസ്‌തനാണ് സുധീര്‍. അവിശ്വാസത്തിന് നോട്ടിസ് നല്‍കിയതിന് തൊട്ടുപിന്നാലെ എല്‍ഡിഎഫ് എടക്കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ നുസൈബ സുധീര്‍ ഉള്‍പ്പെടെ 10 അംഗങ്ങളെയും പങ്കെടുപ്പിച്ച് പ്രമേയം പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.