പത്തനംതിട്ട:അയിരൂർ പമ്പാ മണൽപ്പുറത്ത് ആരംഭിച്ച 18ാമത് കഥകളിമേളയുടെ ആദ്യദിനത്തിൽ അരങ്ങിലെത്തിയ 'ഭാവാഭിനയപ്രാധാന്യമുള്ള ലവണാസുരവധം ഏറെ പ്രശംസ നേടി. വാത്മീകി മഹർഷിയുടെ ആശ്രമ പരിസരത്ത് വച്ച് ലവകുശന്മാരും ഹനുമാനും കണ്ട് മുട്ടുന്നതാണ് ലവണാസുരവധം കഥകളിയുടെ ഇതിവൃത്തം. ലവകുശന്മാർ പിടിച്ചുകെട്ടിയ ശ്രീരാമൻ്റെ യാഗാശ്വത്തെ സ്വതന്ത്രനാക്കാനായാണ് ഹനുമാൻ ഇവിടെ എത്തിയത്.
ലവണാസുരവധം കഥകളി (ETV Bharat) ബാലന്മാരായ ലവകുശന്മാരോട് വാത്സല്യം തോന്നിയതിനാൽ മഹാ ബലശാലിയായ മാരുതി കുട്ടികളെ അനുനയിപ്പിക്കാൻ നടത്തുന്ന ശ്രമവും ചെറു ബാലകരായ ലവകുശന്മാരുടെ നിഷ്‌കളങ്കമായ ശാഠ്യവും ഹനുമാനെ യുദ്ധത്തിന് നിർബന്ധിതനാക്കുന്നതുമെല്ലാം ശ്വാസമടക്കിയാണ് കഥകളി പ്രേമികൾ കണ്ടിരുന്നത്.
യുദ്ധാരംഭത്തിൽ എതിരാളികളെ ചെറു ബാല്യക്കാർ നിസാരന്മാരായി കണ്ട് അവരുടെ അമ്പുകൾ പിടിച്ചെടുത്തും തട്ടിക്കളഞ്ഞും നടത്തിയ ഹനുമാൻ്റെ കേളികൾക്കൊടുവിൽ കുട്ടികളുടെ ശരവർഷത്തിൽ വലഞ്ഞ് ബന്ധനസ്ഥനാവുകയും ചെയ്യുന്നു.
Lavanaasuravadham Kathakali (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബന്ധനസ്ഥനായ ഹനുമാനെ സീതാദേവിയുടെ സമീപത്തേക്ക് കൊണ്ടുചെന്നപ്പോഴാണ് കഥയിലെ ഹൃദയസ്‌പർശിയായ രംഗങ്ങൾ ഉള്ളത്. ബന്ധനസ്ഥനായ ഹനുമാനെക്കണ്ട് 'ഹന്ത ഹന്ത ഹനുമാനേ' എന്ന കഥകളിപ്പാട്ടിൻ്റെ അകമ്പടിയിൽ സീതാദേവിയുടെ വിഷാദം കലാമണ്ഡലം ഓയൂർ രാമചന്ദ്രൻ അവിസ്‌മരണീയമാക്കിയപ്പോൾ, ഹനുമാനായി കളം നിറഞ്ഞ സദനം ഭാസി 'സുഖമൊ ദേവീ' എന്ന പദത്തിലൂടെ ഒരു മാത്ര പമ്പാ നദീതടത്തെയാകെ ശോകമൂകമാക്കി.
Lavanaasuravadham Kathakali (ETV Bharat) ലവകുശന്മാരായി കലാമണ്ഡലം ഓയൂർ രാമചന്ദ്രൻ, കലാമണ്ഡലം ജയപ്രകാശ് എന്നിവരും മത്സരിച്ചഭിനയിച്ചപ്പോൾ 'ലവണാസുരവധം കഥകളി' കഥകളി പ്രേമികൾക്ക് വേറിട്ട അനുഭവമായി. ലവണാസുരവധം കഥകളിയിലെ ഹനുമാനും ലവകുശന്മാരും ആനന്ദ ന്യത്തമാടുന്ന അഷ്‌ടകലാശം ഏറെ പ്രശസ്‌തമാണ്. അതേസമയം കഥകളിമേള രണ്ടാം ദിവസത്തിൽ കഥകളി പ്രേമികളുടെ എല്ലാക്കാലത്തെയും ഇഷ്‌ട കഥയായ നളചരിതം നാലാം ദിവസം അരങ്ങേറും.
Also Read:അയിരൂരിൽ ആട്ടവിളക്കിന് തിരിതെളിഞ്ഞു: ഇനി കഥകളി മേളയുടെ ആറ് രാപ്പകലുകൾ