തിരുവനന്തപുരം:സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേസ് സാഹിബിൻ്റെ സ്വകാര്യ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പായി. ഹർജിക്കാരനായ ഉമര്‍ ഷെരീഫിന് കിട്ടാനുള്ള തുക പലിശ ഉൾപ്പെടെ ലഭിച്ചതുകൊണ്ടാണ് കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയത്. കേസ് കോടതി ജൂലൈ ആറിന് പരിഗണിക്കാൻ ഉത്തരവ് നേരത്തെ നൽകിയിരുന്നു. ഇത് നോക്കി നിൽക്കാതെയാണ് കേസ് പിൻവലിക്കുന്നത്.
തോന്നയ്ക്കല്‍ റഫാ മന്‍സിലില്‍ താമസിക്കുന്ന ആര്‍ ഉമര്‍ ഷെരീഫ് ആയിരുന്നു ഹര്‍ജിക്കാരന്‍. ഡിജിപിയുടെയും ഭാര്യ ഫരീദാ ഫാത്തിമയുടെയും പേരില്‍ പേരൂര്‍ക്കട മണികണ്‌ഠേശ്വരം ഭാഗത്തുളള പത്ത് സെൻ്റ് വസ്‌തുവിന് 74 ലക്ഷം രൂപ വില സമ്മതിച്ച് ഉമര്‍ വസ്‌തു വില്‍പ്പന കരാര്‍ ഉണ്ടാക്കിയിരുന്നു.
രണ്ട് മാസത്തിനകം ഭൂമി കൈമാറാം എന്നായിരുന്നു കരാര്‍. കരാര്‍ ദിവസം ഉമര്‍ 15 ലക്ഷം രൂപയും രണ്ട് ദിവസം കഴിഞ്ഞ് ഡിജിപി ആവശ്യപ്പെട്ട പ്രകാരം 10 ലക്ഷം രൂപയും വീണ്ടും ഒരാഴ്‌ച കഴിഞ്ഞ് അഞ്ച് ലക്ഷം രൂപയും നല്‍കി. അവസാനം നല്‍കിയ അഞ്ച് ലക്ഷം രൂപ ഉമര്‍ ഡിജിപി ഓഫീസില്‍ നേരിട്ട് എത്തിയാണ് നല്‍കിയത്. അന്ന് തന്നെ കരാറിന് പുറമെ 15 ലക്ഷം കൈപ്പറ്റിയതായി ഡിജിപി കരാര്‍ പത്രത്തിന് പുറകില്‍ എഴുതി നല്‍കുകയും ചെയ്‌തു.